pic

നാല് ഐസിസ് ഭീകരർ പിടിയിൽ

145പേർക്ക് പരിക്ക്

പിന്നിൽ ഐസിസ് ഖൊറാസാൻ, യുക്രെയിനും ബന്ധമെന്ന് റഷ്യ

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ സംഗീത പരിപാടി തുടങ്ങാനിരിക്കെ ഐസിസ് ഭീകരർ നടത്തിയ ആക്രമണത്തിൽ മരണം 133 ആയി. പരിക്കേറ്റ 145ലേറെ പേരിൽ 60 പേരുടെ നില ഗുരുതരമാണ്. വെടിവച്ച നാല് ഭീകരർ ഉൾപ്പെടെ11 പേരെ അറസ്റ്റ് ചെയ്തു.

മോസ്കോയിൽ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന യു.എസ് മുന്നറിയിപ്പ് റഷ്യ തള്ളിയിരുന്നു. യു.എസ് മുന്നറിയിപ്പ് റഷ്യയെ ഭയപ്പെടുത്താനാണെന്ന് ചൊവ്വാഴ്ച പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആരോപിച്ചിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഖൊറാസൻ ഏറ്റെടുത്തെങ്കിലും യുക്രെയിനും ബന്ധമുണ്ടെന്നാണ് റഷ്യയുടെ വാദം. ആക്രമണ ശേഷം പ്രതികൾ കാറിൽ രക്ഷപെടാൻ ശ്രമിച്ചത് യുക്രെയിനിലേക്കാണെന്നും റഷ്യൻ അതിർത്തി കടന്നെത്തുന്ന ഇവരെ സഹായിക്കാൻ യുക്രെയിൻ ഭാഗത്ത് ചിലർ തയാറായിരുന്നെന്നും പുട്ടിൻ ആരോപിച്ചു. യുക്രെയിൻ ഇത് നിഷേധിച്ചു.

ഐസിസിന്റെ അഫ്ഗാൻ ശാഖയാണ് ഖൊറാസാൻ. ആക്രമണം തടയാൻ കഴിയാത്ത റഷ്യൻ ഫെഡറൽ സെക്യൂരി​റ്റി സർവീസ് (എഫ്.എസ്.ബി ) അടക്കമുള്ള സുരക്ഷാ ഏജൻസികൾക്കെതിരെ വിമർശനമുണ്ട്.

 നടുങ്ങിയ നിമിഷങ്ങൾ

വെള്ളിയാഴ്ച, ഇന്ത്യൻ സമയം രാത്രി 10.30ന് റഷ്യൻ ബാൻഡായ പിക്‌നികിന്റെ സംഗീത നിശ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, സൈനിക വേഷവും മുഖംമൂടിയും ധരിച്ച 4 പേർ ഹാളിലേക്ക് ഇരച്ചുകയറി തുരുതുരാ വെടിവച്ചു. പെട്രോൾ ബോംബുകൾ എറിഞ്ഞതോടെ തീപിടിച്ചു

 12:02 ഉഗ്ര സ്ഫോടനം. മേൽക്കൂര നിലംപൊത്തി

 റഷ്യൻ സ്പെഷ്യൽ പൊലീസ് എത്തി.

നാല് ഭീകരർ കാറിൽ രക്ഷപ്പെട്ടു

സുരക്ഷാ ഏജൻസികൾ പിന്തുടർന്ന് പിടികൂടി.

ബാൻഡ് അംഗങ്ങളെല്ലാം സുരക്ഷിതർ

തീ അണച്ചത് ഇന്നലെ രാവിലെ 9.30ന്

 ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ദുഃഖകരമായ ഈ വേളയിൽ റഷ്യൻ സർക്കാരിനും ജനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

- നരേന്ദ്ര മോദി, പ്രധാനമന്ത്രി

 ആക്രമണത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല.

- വ്ലാഡിമിർ പുട്ടിൻ, റഷ്യൻ പ്രസിഡന്റ്

യു. എസ് മുന്നേ കണ്ടു

സംഗീത നിശകൾ പോലെ മോസ്കോയിൽ ജനക്കൂട്ടം ഒത്തുചേരുന്ന പരിപാടികളിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന് മാർച്ച് 7ന് റഷ്യയിലെ യു.എസ് എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.

 ഇറാനും അവഗണിച്ചു

ജനുവരി 3ന് ഇറാനിലെ കെർമൻ നഗരത്തിൽ 90ലേറെ പേർ കൊല്ലപ്പെട്ട ഇരട്ട സ്ഫോടനത്തെ പറ്റി ഒരാഴ്ചയ്ക്ക് മുമ്പ് യു.എസ് രഹസ്യവിവരം നൽകിയിരുന്നു. ഇറാൻ ഭരണകൂടം ഇത് അവഗണിച്ചു.

 ക്രോക്കസ് സിറ്റി ഹാൾ

മോസ്കോയിലെ ക്രാസ്നോഗോർസ്‌കിലെ പ്രശസ്തമായ കൺസേർട്ട് ഹാൾ. തുറന്നത് 2009ൽ. 7000ത്തിലേറെ പേരെ ഉൾക്കൊള്ളും. 2013ലെ മിസ് യൂണിവേഴ്സ് വേദിയായിരുന്നു ക്രോക്കസ് സിറ്റി ഹാൾ. മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപായിരുന്നു അന്ന് മിസ് യൂണിവേഴ്സ് ഓർഗനൈസേഷന്റെ ഉടമ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം എത്തിയില്ലെന്ന് മത്സരത്തിനിടെ ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഒരു ഷോപ്പിംഗ് സെന്ററും കോൺഫറൻസ് സെന്ററും ക്രോക്കസ് സിറ്റി ഹാളിനോട് ചേർന്നുണ്ട്. നിരവധി അന്താരാഷ്ട്ര പ്രതിഭകൾ ക്രോക്കസ് സിറ്റി ഹാളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

അറാസ് അഗലറോവ് എന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ് ക്രോക്കസ് സിറ്റി ഹാൾ നിർമ്മിച്ചത്. അസർബൈജാനിൽ ജനിച്ച 68കാരനായ ഇദ്ദേഹം റഷ്യൻ പൗരനാണ്. ഡൊണാൾഡ് ട്രംപുമായും ഇദ്ദേഹത്തിന് ബന്ധമുണ്ട്. 2021ലെ ഫോബ്സ് കണക്ക് പ്രകാരം ഇദ്ദേഹത്തിന്റെ ആസ്തി 1.2 ബില്യൺ ഡോളറാണ്.

---------------------------------------

 വിറച്ച് മോസ്കോ

കഴിഞ്ഞ 25 വർഷത്തിനിടെ റഷ്യൻ തലസ്ഥാനമായ മോസ്കോയെ നടുക്കിയ ആക്രമണങ്ങൾ

 അപ്പാർട്ട്മെന്റ് ബോംബിംഗ് - 118 മരണം - 1999 സെപ്തംബർ 13

തെക്കുകിഴക്കൻ മോസ്കോയിൽ പുലർച്ചെ എട്ടുനില കെട്ടിടത്തിൽ ഉഗ്ര സ്ഫോടനം. മോസ്കോയിലും തെക്കൻ റഷ്യയിലുമായി രണ്ടാഴ്ചയ്ക്കിടെയുണ്ടായ അഞ്ച് അപ്പാർട്ട്മെന്റ് ബോംബാക്രമണങ്ങളിൽ ഒന്നായിരുന്നു ഇത്. ഈ ആക്രമണങ്ങളിൽ ആകെ 293 പേർ കൊല്ലപ്പെട്ടു. ചെച്ന്യ വിഘടനവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യൻ ഭരണകൂടം.

 തിയേറ്റർ ആക്രമണം - 130 മരണം - 2002 ഒക്ടോബർ 23

19 സ്ത്രീകളും 21 പുരുഷൻമാരും അടങ്ങുന്ന ചെചൻ വിമത സംഘം മോസ്കോയിലെ ഡുബ്രോവ്ക തിയേറ്ററിലേക്ക് ഇരച്ചുകയറി. നാടകം കാണാനെത്തിയ 800ലേറെ പേരെ ബന്ദികളാക്കി. സുരക്ഷാ സേനയുമായി വിമത സംഘം നടത്തിയ ഏറ്റുമുട്ടൽ രണ്ട് പകലും മൂന്ന് രാത്രിയും നീണ്ടു. തിയേറ്ററിനുള്ളിലേക്ക് സ്ലീപിംഗ് ഗ്യാസ് കടത്തിവിട്ടതോടെയാണ് സുരക്ഷാ സേനയ്ക്ക് ഉള്ളിൽ കടക്കാനായത്. അക്രമികളെ മുഴുവൻ വധിച്ചു. ഇതിനിടെ 130 ബന്ദികളും കൊല്ലപ്പെട്ടിരുന്നു. ഇവരിൽ പലരും സ്ലീപിംഗ് ഗ്യാസ് ശ്വസിച്ചാണ് മരിച്ചത്.

 റോക്ക് കൺസേർട്ട് ആക്രമണം - 15 മരണം - 2003 ജൂലായ് 5

മോസ്കോയ്ക്ക് സമീപം തുഷിനോ എയർഫീൽഡിൽ നടന്ന റോക്ക് സംഗീത പരിപാടിക്കിടെ രണ്ട് വനിത ചെചൻ വിഘടനവാദികൾ സ്വയം പൊട്ടിത്തെറിച്ചു. 50 ലേറെ പേർക്ക് പരിക്കേറ്റു.

 മെട്രോ ബോംബിംഗ് - 41 മരണം - 2004 ഫെബ്രുവരി 6

രാവിലെ തിരക്കേറിയ സമയം മോസ്കോ സബ്‌വേയിൽ ഒരു ചെചൻ ഗ്രൂപ്പ് ബോംബ് സ്ഫോടനം നടത്തി.

 മെട്രോ ചാവേർ ആക്രമണം - 40 മരണം - 2010 മാർച്ച് 29

മോസ്കോ സബ്‌വേയിൽ രണ്ട് വനിതാ ചാവേറുകൾ പൊട്ടിത്തെറിച്ചു. നോർത്ത് കോകസസ് മേഖലയിലെ ഡാഗെസ്താനിൽ നിന്നുള്ളരായിരുന്നു അക്രമികൾ.

 എയർപോർട്ട് ആക്രമണം - 37 മരണം - 2011 ജനുവരി 24

മോസ്കോ ഡോമോഡെഡോവോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹാളിൽ ചാവേർ ആക്രമണം. നോർത്ത് കോകസസ് കേന്ദ്രീകരിച്ചുള്ള ഭീകര ഗ്രൂപ്പായ കോകസസ് എമിറേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തു.