
റായ്‌പൂർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിനിടെ രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. ഗംഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ സംയുക്ത നക്‌സൽ വിരുദ്ധ ഓപ്പറേഷനിടെ വെടിവയ്പുണ്ടാകുകയായിരുന്നു. തലസ്ഥാനമായ റായ്‌പൂരിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള പീഡിയ ഗ്രാമത്തിനടത്തുള്ള വനം സുരക്ഷാ സേന വളയുന്നതിനിടെ മാവോയിസ്റ്റുകൾ വെടി വയ്ക്കുകയായിരുന്നു. സേന തിരിച്ചടിച്ചതോടെ ഏറെ നേരം വെടിവയ്പ് തുടർന്നു. പിന്നീട് നടന്ന തെരച്ചിലിൽ രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെത്തി. നിരവധി ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. അതിനിടെ, വെള്ളിയാഴ്ച സുക്മ ജില്ലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. ദന്തേവാഡ-സുക്മ അതിർത്തിയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിക്കുകയായിരുന്നു. ജവാന്മാർ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
സുക്മ ജില്ലയിലെ ജഗർഗുണ്ട പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ദോഡിതുംനാർ ഗ്രാമത്തിന് സമീപമുള്ള വനത്തിൽ അന്തർ ജില്ലാ അതിർത്തിയിലെ വനം വളയുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ബസ്തർ ഫൈറ്റേഴ്‌സ്-ദന്തേവാഡയിലെ കോൺസ്റ്റബിൾമാരായ വികാസ് കുമാർ കർമ്മ, രാകേഷ് കുമാർ മർകം എന്നിവരാണ് പരിക്കേറ്റ ജവാന്മാരെ തിരിച്ചറിഞ്ഞത്.
ബീജാപൂർ, ദന്തേവാഡ, സുക്മ ജില്ലകളിൽ ഓപ്പറേഷൻ നടന്നു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡി.ആർ.ജി), ബസ്തർ ഫൈറ്റേഴ്‌സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്, കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) എന്നിവ ഓപ്പറേഷനിൽ പങ്കെടുത്തു.