
മുംബയ്: 100 ദിവസത്തിനിടെ അറബിക്കടലിലും ഏദൻ ഉൾക്കടലിലുമായി നടത്തിയ വിവിധ ദൗത്യങ്ങളിലൂടെ 45 ഇന്ത്യക്കാരും 65 വിദേശ പൗരന്മാരുമുൾപ്പെടെ 110 പേരുടെ ജീവൻ രക്ഷിച്ചെന്ന് ഇന്ത്യൻ നാവിക സേന. വിദേശികളിൽ 27 പേർ പാകിസ്ഥാനികളും 30 പേർ ഇറാനികളും ഉൾപ്പെടുന്നതായി നാവിക സേനാ മേധാവി ആർ. ഹരികുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നേവിയുടെ 'ഓപ്പറേഷൻ സങ്കൽപി'ന്റെ ഭാഗമായിട്ടായിരുന്നു രക്ഷാദൗത്യങ്ങൾ. ചെങ്കടൽ മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി വിമതർ നടത്തുന്ന മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ, അറബിക്കടലിലെയും കിഴക്കൻ സൊമാലിയൻ തീരത്തെയും കടൽക്കൊള്ളക്കാരുടെ സാന്നിദ്ധ്യം എന്നീ പശ്ചാത്തലങ്ങൾ മുൻനിറുത്തിയാണ് നേവി ഓപ്പറേഷൻ സങ്കൽപ് ആരംഭിച്ചത്. ഇന്നലെ ദൗത്യത്തിന്റെ 100ാം ദിനമായിരുന്നു.
ഇക്കാലയളവിനിടെ 18 സമുദ്ര സുരക്ഷാ ദൗത്യങ്ങളിലാണ് നേവി ഭാഗമായത്. ക്രൂഡ് ഓയിൽ അടക്കം 15 ലക്ഷം ടൺ ചരക്കുകളാണ് വിവിധ വാണിജ്യ കപ്പലുകളെ രക്ഷിച്ചതിലൂടെ നേവി സുരക്ഷിതമാക്കിയത്. ഇതിനിടെ 3000 കിലോഗ്രാമിലേറെ മയക്കുമരുന്നും പിടികൂടി. നിരീക്ഷണ വിവരങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് നേവി ദൗത്യങ്ങളിൽ ഇടപെട്ടിരുന്നത്. നേവിയുടെ ഗുരുഗ്രാമിലുള്ള ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ സെന്റർ - ഇന്ത്യൻ ഓഷൻ റീജിയൻ വിവരങ്ങളുടെ കൈമാറ്റത്തിൽ പ്രധാന കണ്ണിയായി.
സൊമാലിയൻ കടൽക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട മാൾട്ട രജിസ്ട്രേഷനുള്ള എം.വി. റുവൻ എന്ന കപ്പലിനെ 40 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ നേവി രക്ഷിച്ചതും 35 കടൽക്കൊള്ളക്കാരെ കീഴടക്കിയതും അന്താരാഷ്ട്ര ശ്രദ്ധനേടിയിരുന്നു.
അറബിക്കടലിലെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ നാവികസേന 10 യുദ്ധക്കപ്പലുകളും നിരീക്ഷണ വിമാനങ്ങളും ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. കടൽക്കൊള്ളക്കാർക്കെതിരെ പ്രവർത്തിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച മറൈൻ കമാൻഡോകളുമുണ്ട്.
35 പേരും മുംബയിൽ
എം.വി. റുവനിൽ നിന്ന് നേവി പിടികൂടിയ 35 കടൽകൊള്ളക്കാരെയും ഇന്നലെ മുംബയിലെത്തിച്ചു. ഇവരെ തുടർ നിയമനടപടികൾക്കായി മുംബയ് പൊലീസിന് കൈമാറി. ഐ.എൻ.എസ് കൊൽക്കത്ത യുദ്ധക്കപ്പലിലാണ് ഇവരെ മുംബയ് തീരത്ത് എത്തിച്ചത്.
ബൾഗേറിയൻ കമ്പനിയുടെ ചരക്കുകപ്പലായ എം.വി. റുവനെ ഡിസംബർ 14നാണ് 18 ജീവനക്കാരെ സഹിതം കൊള്ളക്കാർ തട്ടിയെടുത്തത്. ഇന്ത്യൻ യുദ്ധക്കപ്പൽ ഐ.എൻ.എസ് കൊച്ചി അന്ന് എം.വി.റുവന് അടുത്തെത്തിയെങ്കിലും സോമാലിയൻ തീരത്തേക്ക് അവർ രക്ഷപ്പെട്ടിരുന്നു.
റുവനെ 'മദർ ഷിപ്പ്' ആക്കി മറ്റ് ചരക്കുകപ്പലുകൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൊമാലിയൻ കടൽക്കൊള്ളക്കാർ. കപ്പലിന് നിരീക്ഷിച്ചിരുന്ന നേവി ഈ മാസം 16ന് അറബിക്കടലിൽ വച്ച് കടൽക്കൊള്ളക്കാരെ കീഴടക്കി കപ്പലിനെയും ബന്ദികളാക്കപ്പെട്ട ജീവനക്കാരെയും രക്ഷിക്കുകയായിരുന്നു.