sd

നമ്മുടെ വൈദ്യുതി ഉപഭോഗം വർഷംചെല്ലുന്തോറും കുത്തനെ കൂടുകയല്ലാതെ ഇനി കുറയുമെന്നു കരുതാനാകില്ല. സംസ്ഥാനത്തിന് ആവശ്യമുള്ളത്ര വൈദ്യുതി നമ്മൾ ഉത്പദിപ്പിക്കുന്നില്ല. ബാക്കി വേണ്ടുന്ന വൈദ്യുതി പുറത്തുനിന്ന് വാങ്ങുകയെന്ന എളുപ്പവിദ്യയല്ലാതെ,​ കൂടുതൽ വൈദ്യുതി ഉത്പാദനത്തിനുള്ള സ്രോതസുകൾ ഉപയോഗപ്പെടുത്തണമെന്നോ,​ അതുവഴി ഖജനാവിൽ നിന്നുള്ള അധികച്ചെലവ് നിയന്ത്രിക്കണമെന്നോ സംസ്ഥാന വൈദ്യുതി ബോർഡിന് ഇപ്പോഴും തോന്നാത്തതാണ് മഹാദ്ഭുതം. അതിന് ലളിതമായ ഒരു കാരണമേയുള്ളൂ. വലിയ വിലകൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നതു കൊണ്ടുള്ള അധികച്ചെലവ് കാലാകാലങ്ങളായി ബോർഡ് ചുമത്തിവയ്ക്കുന്നത് ഉപഭോക്താക്കളുടെ ചുമലിലാണ്. വേണ്ടെന്നുവയ്ക്കാൻ പറ്റാത്ത ഉത്പന്നമാണ് വൈദ്യുതി എന്നതുകൊണ്ട് എല്ലാ ഷോക്കും സഹിച്ച്,​ നമ്മൾ അധിക ബില്ലുകൾ അടച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു!

ജലവൈദ്യുതിയാണ് നമ്മുടെ പ്രധാന ആശ്രയം. പരമ്പരാഗത വൈദ്യുതി ഉത്പാദന മാർഗങ്ങളിൽ ചെലവു കുറഞ്ഞ മാർഗം അതാണുതാനും. പക്ഷേ,​ അത്തരം പദ്ധതികൾക്കായി പുതിയ അണകൾ പണിയാനോ,​ പുതിയ ഉത്പാദന കേന്ദ്രങ്ങൾ തുടങ്ങാനോ പ്രകൃതി- പരിസ്ഥിതി കാരണങ്ങൾ നമ്മെ അനുവദിക്കുന്നില്ല. അതേസമയം,​ സംസ്ഥാനത്ത് പാതിവഴിയിലായ 128 ജലവൈദ്യുതി പദ്ധതികൾ മുടങ്ങിക്കിടപ്പുണ്ടെന്ന വാർത്ത ഞങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. പള്ളിവാസൽ,​ തൊട്ടിയാർ,​ മാങ്കുളം തുടങ്ങി ഈ പദ്ധതികളിൽ പ്രധാനപ്പെട്ടവയുടെ ആകെ ഉത്പാദനശേഷി 778 മെഗാവാട്ട് ആണ്. നിലവിലെ ജലവൈദ്യുതി പദ്ധതികളിൽ നിന്നും സൗരോർജ്ജം,​ കാറ്റ് എന്നീ പാരമ്പര്യേതര മാർഗങ്ങളിൽ നിന്നും നമ്മൾ ആകെ ഉത്പാദിപ്പിക്കുന്നത് 1400 മെഗാവാട്ട് മാത്രമാണെന്ന് ഓർക്കണം. ഈ വേനൽക്കാലത്ത് നമ്മുടെ പ്രതിദിന വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ടിലും അധികമാണ്! കേന്ദ്ര ഗ്രിഡിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് 1600 മെഗാവാട്ട് കിട്ടും. ഹ്രസ്വകാല- ദീർഘകാല കരാറുകളിലൂടെ 1300 കോടി. എന്നിട്ടും മതിയാകാതെ വരുന്നത് വലിയ വിലയ്ക്ക് വാങ്ങും. അങ്ങനെ വാങ്ങാൻ നമ്മളിപ്പോൾ പ്രതിമാസം മുടക്കുന്നത് 65 കോടി രൂപ മുതൽ 140 കോടി വരെയാണ്!

ഈ വില കൂടിയ യാഥാർത്ഥ്യം കൺമുന്നിൽ നിൽക്കെയാണ് കോടികൾ മുടക്കിക്കഴിഞ്ഞതും,​ നിർമ്മാണത്തിന്റെ പല ഘട്ടങ്ങളിലെത്തിയവയുമായ 128 ജലവൈദ്യുതി പദ്ധതികൾ നോക്കുകുത്തികളായി നിൽക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള വീടുകളിൽ നാലിലൊന്ന് എണ്ണത്തിലെങ്കിലും സൗരോർജ്ജ പ്ളാന്റുകൾ സ്ഥാപിക്കാൻ കഴിഞ്ഞാൽ 1500 മെഗാവാട്ട് ഉത്പാദിപ്പിക്കാമെന്നാണ് പഠന റിപ്പോർട്ട്. ഈ കണക്കുകളൊക്കെ കെ.എസ്.ഇ.ബിക്കും അറിയാം. പക്ഷേ,​ താത്പര്യമില്ല. സൗരോർജ്ജ വൈദ്യുതി പ്രയോജനപ്പെടുത്തി പാരമ്പര്യ മാർഗങ്ങളിൽ നിന്ന് മുക്തിനേടാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത്. ഊർജ്ജം നൽകുന്നതിന് സൂര്യന് നികുതി കൊടുക്കേണ്ടതില്ലല്ലോ! എന്നിട്ടാണ്,​ നിലവിൽ വീടുകളിൽ ഉത്പാദിപ്പിച്ച് വൈദ്യുതി ബോർഡിന് നൽകുന്ന സൗര വൈദ്യുതിക്ക് കുറ‌ഞ്ഞ നിരക്കും,​ വീട്ടിൽ ഉപയോഗിക്കുന്ന ബോർഡിന്റെ വൈദ്യുതിക്ക് കൂടിയ നിരക്കും നിശ്ചയിക്കുന്ന വിരോധാഭാസം!

പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ അധികം ഉപയോഗിക്കണമെന്നും,​ വൈദ്യുതി പാഴാക്കരുതെന്നും ഉപഭോക്താവിനെ നിരന്തരം ഉപദേശിക്കുന്ന കെ.എസ്.ഇ.ബിയാണ്,​ സൗരവൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപഭോക്താവിന് ഇരുട്ടടി വിധിക്കുന്നത്. മുടങ്ങിക്കിടക്കുന്ന ജലവൈദ്യുതി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും,​ കള്ളക്കളികൾ മാറ്റിവച്ച് സൗരവൈദ്യുതിയുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും,​ അതിനു തയ്യാറാകുന്നവർക്ക് പരമാവധി പ്രോത്സാഹനവും ലാഭവും നൽകുകയും ചെയ്താൽ തീരെക്കുറച്ച് വൈദ്യുതിയേ നമുക്ക് പുറത്തുനിന്ന് വാങ്ങേണ്ടിവരൂ. അതിന്റെ പേരിലുള്ള അധികച്ചെലവും,​ ആ ബാദ്ധ്യത ഉപയോക്താക്കളുടെ തലയിൽ കെട്ടിവയ്ക്കുന്ന പതിവും അവസാനിപ്പിക്കുകയും ചെയ്യാം.