jaishankar

സിംഗപ്പൂർ: തീവ്രവാദത്തെ സ്‌പോൺസർ ചെയ്യുന്ന രീതിയാണ് പാകിസ്ഥാനുള്ളതെന്ന് ആരോപണം ആവർത്തിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ. രാജ്യത്തെ ഒരു വ്യവസായം എന്ന പോലെയാണ് തീവ്രവാദത്തെ പാകിസ്ഥാൻ സ്‌പോൺസർ ചെയ്യുന്നതെന്ന് പറഞ്ഞ മന്ത്രി തീവ്രവാദികളെ അവഗണിക്കുന്നതല്ല ഇന്ത്യയുടെ നിലപാടെന്നും വ്യക്തമാക്കി. ഈ പ്രശ്‌നത്തിൽ നിന്നും ഇന്ത്യ ഇനി പിന്മാറില്ല. അദ്ദേഹം വ്യക്തമാക്കി.

'ഏതൊരു രാജ്യവും സുസ്ഥിരമായ ഒരു അയൽപക്കമാണ് ആഗ്രഹിക്കുക. കുറഞ്ഞപക്ഷം സമാധാനപരമായ ഒരു അയൽപക്കം ആഗ്രഹിക്കുന്നു.' എസ്.ജയ്‌ശങ്കർ പറഞ്ഞു. സിംഗപ്പൂരിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ 'വൈ ഭാരത് മാറ്റേഴ്‌സ്' എന്ന പുസ്‌തകത്തെക്കുറിച്ചുള്ള തന്റെ പ്രഭാഷണത്തിന് ശേഷം ചോദ്യോത്തരവേളയിലാണ് പാകിസ്ഥനെക്കുറിച്ചുള്ള തന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞത്. ഭരണകൂടത്തിന്റെ ഉപകരണമായി ഭീകരതയെ ഉപയോഗിക്കുന്ന, അക്കാര്യം മറച്ചുവക്കാത്ത ഒരു അയൽക്കാരനോട് നിങ്ങൾ എങ്ങനെ ഇടപെടും എന്നും മന്ത്രി ചോദിച്ചു.

ഇന്ത്യ ഭീകരത എന്ന ഈ പ്രശ്‌നത്തെ ഒഴിവാക്കില്ലെന്നും സംഭവിക്കാനുള്ളത് സംഭവിച്ചു ഇനി മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് കേന്ദ്രം പറയില്ലെന്നും തീവ്രവാദികളെ കണ്ടില്ല എന്ന് നടിക്കുന്ന പ്രശ്‌നമില്ലെന്നും എസ്.ജയ്‌ശങ്കർ വ്യക്തമാക്കി.