
പഞ്ചാബിന് ജയം, ഡൽഹിയെ 4 വിക്കറ്റിന് തോൽപ്പിച്ചു,
തിരിച്ചുവരവിൽ റിഷഭിന് തോൽവിയോടെ തുടക്കം
മുല്ലൻപൂർ: പതിന്നാല് മാസത്തിന് ശേഷം കളക്കളത്തിലേക്ക് തിരിച്ചെത്തിയ റിഷഭ് പന്തിന്റെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ ഡൽഹി ക്യാപിറ്റൽസിനെ 4 വിക്കറ്റിന് കീഴടക്കി പഞ്ചാബ് കിംഗ്‌സ് ഇലവൻ ആദ്യ മത്സരത്തിൽ ജയത്തോടെ തുടങ്ങി. ആദ്യം ബാറ്റ ചെയ്ത ഡൽഹി 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടി. മറുപടിക്കിറങ്ങിയ പഞ്ചാബ് 6 വിക്കറ്റ് നഷ്ടത്തിൽ 4 പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യത്തിലെത്തി (177/6).
സാം കറനാണ് താരം
ബൗളിംഗിലും ഫീൽഡിംഗിലും തിളങ്ങാനായില്ലെങ്കിലും ബാറ്റിംഗിൽ 4-ാമനായി നിർണായക സമയത്ത് ക്രീസിലെത്തി ഗംഭീര അർദ്ധ സെഞ്ച്വറിയുമായി പഞ്ചാബിന്റെ വിജയമുറപ്പിച്ച സാം കറനാണ് (47 പന്തിൽ 63) കളിയിലെ താരവും ആതിഥേയരുടെ വിജയ ശില്പിയുമായത്. മൂന്നാം വിക്കറ്റിൽ ഇംപാക്ട് പ്ലെയർ പ്രഭ്‌സിമ്രാനുമൊത്ത് (26) 42 റൺസിന്റെയും അഞ്ചാം വിക്കറ്റിൽ ലിവിംഗ്സ്റ്റണുമൊത്ത് ( പുറത്താകാതെ 38) 42 പന്തിൽ 67 റൺസിന്റെയും കൂട്ടുകെട്ടുണ്ടാക്കിയ കറൻ കളി പഞ്ചാബിന് അനുകൂലമാക്കി. 19-ാം ഓവറിൽ ഖലീലിന്റെ പന്തിൽ ക്ലീൻബൗൾഡായി കറൻ മടങ്ങുമ്പോൾ പഞ്ചാബിന് ജയിക്കാൻ 8 റൺസ് മതിയായിരുന്നു. 6 ഫോറും 1സിക്സും കറൻ അടിച്ചു. ഈ ഐ.പി.എൽ സീസണിലെ ആദ്യ അർദ്ധ സെഞ്ച്വറിയും കറൻ തന്റെ പേരിൽ ചേർത്തു.
അഭിഷേക് ഇംപാക്ട്
ഇംപാക്ട് പ്ലെയറുടെ പ്രാധാന്യം എന്താണെന്ന് തെളിയിക്കുന്നതായി ഇന്നലെ ഇംപാക്ട് പ്ലെയറായി ബാറ്റിംഗിനെത്തി 10 പന്തിൽ 4 ഫോറും 2 സിക്സും ഉൾപ്പെടെ 34 റൺസ് അടിച്ചുകൂട്ടി അവസാന ഓവറിൽ ഡൽഹിയുടെ റൺറേറ്റ് ഉയർത്തിയ അഭിഷേക് പോറൽ. ബാറ്റിംഗിൽ പരാജയമായ റിക്കി ഭുയിക്ക് (5) പകരമാണ് ഇംപാക്‌ട് പ്ലെയറായി കോച്ച് റിക്കി പോണ്ടിംഗിന്റെ പ്രിയപ്പെട്ട താരമായ പോറലിനെ ഡൽഹി ഒമ്പതാമനായി ബാറ്റിംഗിന് അയച്ചത്. ഹർഷൽ പട്ടേലെറിഞ്ഞ അവസാന ഓവറിൽ 3 ഫോറും 2 സിക്സും ഉൾപ്പെടെ 25 റൺസാണ് പോറൽ നേടിയത്.
ഇഷാന്തിന്റെ പരിക്ക് നിർണായകമായി
പ്രധാന പേസ് ബൗളറായ ഇഷാന്ത് ശർമ്മ ഇടയ്ക്ക് പരിക്കേറ്റ് മടങ്ങിയതാണ് തങ്ങളുടെ തോൽവിയിൽ നിർണായകമായെതെന്ന് ഡൽഹി ക്യാപ്ടൻ റിഷഭ് പന്ത് പറഞ്ഞു. ഖലീൽ അഹമ്മദ് എറിഞ്ഞ പഞ്ചാബ് ഇന്നിംഗ്സിലെ ആദ്യ ഓവറിൽ 18 റൺസ് നേടി അടിച്ച് തകർക്കുകയായിരുന്ന പഞ്ചാബ് ഓപ്പണിംഗ് കൂട്ടുകെട്ട് ക്യാപ്ടൻ ശിഖർ ധവാനെ (22) ക്ലീൻ ബൗൾഡാക്കി നാലാം ഓവറിലെ ആദ്യ പന്തിൽ തകർത്തത് ഇഷാന്ത് ആയിരുന്നു. ആ ഓവറിൽ തന്നെ മറ്റൊരു ഓപ്പണർ ജോണി ബെയർസ്റ്റോയെ (9) റണ്ണൗട്ടാക്കി ഡൽഹിക്ക് മേൽക്കൈ നേടികൊടുക്കാനും ഇഷാന്തിനായിരുന്നു. എന്നാൽ ഫീൽഡിംഗിനിടെ കാൽ മടങ്ങിയ ഇഷാന്തിന് പിന്നീട് കളിക്കാനായില്ല. 2 വിക്കറ്റ് നേടിയ കുൽദീപ് തിളങ്ങിയെങ്കിലും ഇഷാന്തിന്റെ കുറവ് ഡെത്തോവറുകളിൽ ഡൽഹിയെ കാര്യമായി ബാധിച്ചു.
പന്ത് റിട്ടേൺസ്
കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിഷഭ് പന്തിന്റെ 453 ദിവസങ്ങൾക്ക് ശേഷമുള്ള കളിക്കളത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു ഡൽഹി - പഞ്ചാബ് മത്സരത്തിലെ ഹൈലൈറ്റ്. ഡൽഹി ഇന്നിംഗ്സിൽ നാലാമനായി ബാറ്റിംഗിനിറങ്ങിയ പന്ത് 2 ഫോറുൾപ്പെടെ 18 റൺസ് നേടി. വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം നടത്തിയ പന്ത് ഒന്നു വീതം സ്റ്റമ്പിംഗും ക്യാച്ചും സ്വന്തമാക്കി.