pic

തിംഫു: ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവിൽ ഇന്ത്യൻ സഹായത്തോടെ നിർമ്മിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേയും ഉദ്ഘാടനത്തിൽ പങ്കാളിയായി. കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള ആശുപത്രിയുടെ ആദ്യ ഘട്ടം 2019ൽ പ്രവർത്തനമാരംഭിച്ചിരുന്നു. അന്നേ വർഷം നിർമ്മാണം ആരംഭിച്ച രണ്ടാം ഘട്ടമാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. ദ്വിദിന സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് മോദി ഭൂട്ടാനിൽ എത്തിയത്. ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങാൻ പാറോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ യാത്രയാക്കാൻ ഭൂട്ടാൻ രാജാവ് ജിഗ്‌മെ ഖേസർ നാംഗ്യാൽ വാങ്ങ്ചുക്ക് നേരിട്ടെത്തിയത് അപൂർവതയായി. പ്രധാനമന്ത്രി ടോബ്ഗേയും ഒപ്പമുണ്ടായിരുന്നു. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ' ഓർഡർ ഒഫ് ദ ഡ്രക്ക് ഗ്യാൽപോ " വെള്ളിയാഴ്ച ഭൂട്ടാൻ രാജാവ് മോദിക്ക് സമ്മാനിച്ചിരുന്നു. രാജ്യത്തെത്തിയ മോദിക്ക് ടോബ്ഗേ നന്ദി രേഖപ്പെടുത്തി. രാജ്യം സന്ദർശിക്കുമെന്ന വാഗ്ദ്ധാനം ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടെയിലും അദ്ദേഹം നിറവേറ്റിയെന്നും ഇതാണ് മോദിയുടെ ഗ്യാരന്റിയെന്നും ടോബ്ഗേ എക്സിൽ കുറിച്ചു.