
മ്യാൻമർ മുൻ ഭരണാധികാരിയും സമാധാന നോബൽ ജേതാവുമായ ആങ് സാൻ സ്യൂചിയുടെ വീട് ലേലത്തിൽ വച്ച് പട്ടാളഭരണകൂടം. 748. 68 കോടി രൂപയ്ക്കാണ് വീട് ലേലത്തിൽ വച്ചത്. എന്നാൽ വീട് വാങ്ങാൻ ആരും എത്തിയില്ല.
1989ൽ പട്ടാളം 21 വർഷം ജയിലിലടച്ച സ്യൂ ചി 15 വർഷം ഈ വീട്ടിലാണ് തടവിലായിരുന്നത്. യാങ്കൂണിലെ ഈ വീടും 1.9 ഏക്കർ സ്ഥലവും തുല്യമായി വീതിക്കണമെന്ന് സ്യൂ ചിയുടെ ജ്യേഷ്ഠൻ ആങ് സാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ വർഷങ്ങളായി നിയമപോരാട്ടം നടക്കുകയാണ്. 2021 ഫെബ്രുവരിയിൽ സ്യൂചിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം ഏറ്റെടുത്തതിന് പിന്നാലെ 2022 ആഗസ്റ്റിൽ വസ്തു ലേലം ചെയ്യാൻ സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ലേലത്തുക സ്യൂചിക്കും സഹോദരനും തുല്യമായി വീതിക്കാനായിരുന്നു കോടതിയുടെ തീരുമാനം. തടാകതീരത്തുള്ള വീട് സ്യൂചിയുടെ രാഷ്ട്രീയ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ അനൗദ്യോഗിക ആസ്ഥാനമാണ്. സ്യൂചിയുടെ അമ്മ ഖിൻ ക്യുയിക്ക് പതിറ്റാണ്ടുകൾക്ക് മുൻപ് സർക്കാർ സമ്മാനിച്ചതാണ് ഈ വീട്. ഭർത്താവും മ്യാൻമർ സ്വതന്ത്ര്യ സമര നായകനുമായ ജനറൽ ആങ് സാനെ 1947 ജൂലായിൽ പട്ടാളം വധിച്ചതിനെ തുടർന്നായിരുന്നു ഇത്.
നിലവിൽ 27 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് 71കാരിയായ സ്യൂ ചി. അതേസമയം മ്യാൻമറിലെ യഥാർത്ഥ സർക്കാർ എന്നവകാശപ്പെടുന്ന നാഷണൽ യൂണിറ്റി ഗവൺമെന്റ് സ്യൂചിയുടെ വീടിനെ സാംസ്കാരിക കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. വീട് വിൽക്കുന്നതും തകർക്കുന്നതും നിരോധിക്കുകയും ചെയ്തു. പട്ടാളഭരണകൂടം പുറത്താക്കിയ എ സ്യൂചിയുടെ എൻ.എൽ.ഡി സർക്കാരിലെ അംഗങ്ങൾ ചേർന്നുണ്ടാക്കിയതാണ് ഈ സമാന്തര സർക്കാർ.