
കോഴിക്കോട്: താമരശേരിയിൽ വൻ തീപിടിത്തം. രണ്ടുബേക്കറികൾ പൂർണമായും കത്തിനശിച്ചു. പഴയ ബസ്സ്റ്റാൻഡിന് മുന്നിലെ ഓടിട്ട കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സരോജ് , കാബ്രോ എന്നീ ബേക്കറികളാണ് പൂർണമായും കത്തിനശിച്ചത്. പുലർച്ചെ പന്ത്രണ്ടുമണിയോടെയായിരുന്നു അഗ്നിബാധ ഉണ്ടായത്. വഴിപോക്കർ ഉൾപ്പടെയുള്ളവരാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് മുക്കത്തുനിന്നെത്തിയ രണ്ടുയൂണിറ്റ് അഗ്നിരക്ഷാസേന ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാവാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് കരുതുന്നത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.