
ഹരിപ്പാട്: ആടുജീവിതം നോവലിലെ ജീവിക്കുന്ന കഥാപാത്രം നജീബിന്റെ പേരക്കുട്ടി മരിച്ചു. തന്റെ ജീവിതാനുഭവം ആസ്പദമാക്കിയുള്ള സിനിമ അഭ്രപാളിയിൽ എത്തുന്നത് കാത്തിരിക്കുന്നതിനിടെയാണ് ദുഃഖവാർത്തയെത്തിയത്.
മകൻ ആറാട്ടുപുഴ തറയിൽ സഫീറിന്റെ മകൾ സഫാ മറിയം (ഒന്നേകാൽ വയസ്) ആണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സഫാ മറിയം ഇന്നലെ പുലർച്ചെ നാലരയോടെയാണ് മരിച്ചത്. സഫീർ- മുബീന ദമ്പതികളുടെ ഏക മകളാണ്. മസ്കറ്റിലെ വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ സൂപ്പർവൈസറായ സഫീർ ഇന്ന് പുലർച്ചെ നാട്ടിലെത്തിയശേഷം രാവിലെ പടിഞ്ഞാറെ ജുമാ മസ്ജിദ് കബർസ്ഥാനിൽ കുട്ടിയുടെ കബറടക്കം നടക്കും.
കുഞ്ഞിന്റെ മരണത്തിൽ ആടുജീവിതം നോവലിന്റെ എഴുത്തുകാരൻ ബെന്യാമിൻ അനുശോചനം അറിയിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ദുഃഖവാർത്ത പങ്കുവച്ചത്.