pain

വിയറ്റ്‌നാം: കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റിൽ നിന്നും ജീവനുള്ള മീനിനെ കണ്ടെത്തി. വിയറ്റ്‌നാമിലെ വടക്കൻ ക്വാങ് നിൻ പ്രവിശ്യയിലാണ് സംഭവം. ഹായ്‌ ഹാ ജില്ലാ മെഡിക്കൽ സെന്ററിലെ ഡോക്‌ടർമാരാണ് ഇയാളുടെ വയറ്റിൽ നിന്നും മീനിനെ ജീവനോടെ പുറത്തെടുത്തത്.

പരിശോധനയ്‌ക്കെത്തിയപ്പോൾ തന്നെ ഡോക്ടർമാർ യുവാവിനോട് എക്‌സ്‌റേയും സ്‌കാനിംഗും നടത്താൻ നിർദേശിച്ചു. ഫലം വന്നപ്പോൾ അടിവയറ്റിൽ എന്തോ ഒരു വസ്തു കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഇത് കാരണം പെരിടോണിറ്റിസ് എന്ന അണുബാധ ഉണ്ടായതായും ഡോക്ടർമാർക്ക് വ്യക്തമായി. ഇതായിരുന്നു വയറുവേദനയ്‌ക്ക് കാരണം. തുടർന്ന് ഉടൻതന്നെ യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുകയും ചെയ്‌തു.

ശസ്ത്രക്രിയ ചെയ്‌തപ്പോഴാണ് ഡോക്‌ടർമാർ ശരിക്കും ഞെട്ടിയത്. ഏകദേശം 30 സെന്റിമീറ്റർ നീളമുള്ള ഈൽ എന്ന മത്സ്യമായിരുന്നു ഇയാളുടെ വയറിനുള്ളിൽ. മലദ്വാരത്തിലൂടെയാണ് മത്സ്യം യുവാവിന്റെ ശരീരത്തിൽ എത്തിയതെന്നാണ് സംശയിക്കുന്നത്. ഈ മത്സ്യം വൻകുടലിലെത്തി അവിടെ സുഷിരമുണ്ടാക്കുകയും ചെയ്‌തു.

ഡോ‌ക്‌ടർമാർ ഈലിനൊപ്പം കുടലിന്റെ ഒരു ഭാഗവും നീക്കം ചെയ്‌തുവെന്നാണ് ഒരു വിദേശ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ജീവനോടെ തന്നെയാണ് ഈലിനെ പുറത്തെടുത്തത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും യുവാവ് സുഖം പ്രാപിച്ച് വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.