
മല്ലപ്പള്ളി : വെയിൽ കടുത്തതോടെ ഉള്ളു കുളിർക്കാൻ രുചിയൂറും വെന്ത മുന്തിരി സർബത്തുമായി അഭിലാഷ് എന്ന നാൽപ്പത്തിരണ്ടുകാരൻ . പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിൽ മടത്തുംചാൽ ജംഗ്ഷന് സമീപത്തെ അമ്പാടിക്കട പ്രദേശവാസികൾക്കും യാത്രക്കാർക്കും പ്രിയപ്പെട്ടതായി മാറിയത് ചുരുങ്ങിയ സമയത്തിനുള്ളിൽ. മുന്തിരിച്ചാറിൽ ആവശ്യക്കാരുടെ ഇഷ്ടമനുസരിച്ച് മധുരവും സോഡയോ, വെള്ളമോ ചേർത്താണ് നൽകുന്നത്.ഒരു ഗ്ലാസ് പാനീയത്തിന് 30 രൂപ ഈടാക്കുന്നത്. വെന്ത മുന്തിരി സർബത്തിനൊപ്പം,നാരങ്ങാ വെള്ളം, ഇടിച്ചുകൂട്ട് നാരങ്ങാവെള്ളം, സംഭാരം, നാടൻ മോരിൻ വെള്ളം,ലെസിയും ചൂടായി ബൂസ്റ്റർ മസാല ചായയും, കാപ്പച്ചിനോയും ഇങ്ങനെ വിവിധതരത്തിലുള്ള പാനീയങ്ങളുടെ നീണ്ട നിരതന്നെ ഇവിലെ ലഭ്യമാണ്. അഭിലാഷിന് സഹായിയായി സുഹൃത്തും കൂടെയുണ്ട്. ദിവസേന 10 മുതൽ 15 കിലോ വരെ മുന്തിരിയാണ് പാനീയമാക്കുന്നത്.നിരവധി ആളുകളാണ് വെന്തമുന്തിരി സർബത്തിന്റെ കൂട്ട് അന്വേഷിച്ച് എത്താറുള്ളതുണ്ടെങ്കിലും ഇതിന്റെ കൂട്ട് അഭിലാഷ് രഹസ്യമാക്കിയിരിക്കുകയാണ്.
ട്രിക്ക് പറയില്ല, സ്വാദോടെ കുടിക്കാം
കറുത്ത മുന്തിരി ഉപ്പും മഞ്ഞളും കലർന്ന വെള്ളത്തിൽമുക്കി 30 മിനിറ്റുകൾക്കു ശേഷം ശുദ്ധമായ ജലത്തിൽ കഴുകിയെടുക്കുന്നു. മൂന്നു മണിക്കൂറോളം ഉരുളിയിൽ വേവിക്കുന്നു. പാകം പൂർത്തിയാകുമ്പോൾ ഏലക്ക ഗ്രാമ്പൂ, തിപ്പലി, പുതിന, കൽക്കണ്ടം, ബദാം എന്നിവ ആനുപാതികമായി പൊടിച്ചു ചേർക്കുന്നു. ബാക്കിവരുന്ന അഞ്ചു കൂട്ടുകളാണ് അഭിലാഷിന്റെ സർബത്തിന്റെ ട്രേഡ് സീക്രട്ട്. മുന്തിരിലായനി തണുപ്പിച്ച ശേഷം അരിച്ചെടുത്ത് ചില്ല് ഭരണിയിലാണ് സൂക്ഷിക്കാറ്. മുന്തിരിയുടെ ഇനം അനുസരിച്ച് ഗുണത്തിലും,രുചിയിലും വ്യത്യാസം വരാം. 24 മണിക്കൂർ മാത്രമേ സ്വാഭാവികത നിലനിറുത്താനാവും. എന്നാൽ രാവിലെ 9ന് തയാറാകുന്ന പാനീയം വൈകിട്ട് 7ന് മുമ്പായി കാലിയാകുമെന്നതാണ് ഇവിടുത്തെ കൂട്ടിന്റെ രഹസ്യം.