
നീളമുള്ളതും കട്ടിയുള്ളതുമായ മുടി ആഗ്രഹിക്കുന്ന ഒരുപാടുപേരുണ്ട്. എന്നാൽ പോഷകാഹാരക്കുറവ്, അന്തരീക്ഷ മലിനീകരണം, പരിചരണക്കുറവ് തുടങ്ങിയ കാരണങ്ങളാൽ മുടി കൃത്യമായി വളരാതെ വരുന്നു. ഈ പ്രശ്നങ്ങളെല്ലാം മാറ്റി മുടി വളർച്ചയുടെ വേഗത വർദ്ധിപ്പിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നത് നോക്കാം. ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് മാറ്റം കാണാൻ സാധിക്കുന്നതാണ്.
1. മുടി മുറിക്കുക
എട്ട് മുതൽ പത്ത് ആഴ്ചയിലൊരിക്കൽ മുടിയുടെ അറ്റം മുറിക്കുന്നത് വളർച്ച പെട്ടെന്ന് കൂട്ടാൻ സഹായിക്കുന്നു. അമിതമായ അഴുക്കും വെയിലും കാരണം മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാൻ സാധിക്കും. തടസമില്ലാതെ മുടി വളരാനും സഹായിക്കും. വളരെ കുറച്ച് മുടി മാത്രം മുറിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
2. കണ്ടീഷണർ
മിക്കവരുടെയും മുടിയുടെ അറ്റം കട്ടി കുറവായിരിക്കും. മുടിയുടെ അറ്റത്ത് വേണ്ട പോഷണം ലഭിക്കാത്തതാണ് ഇതിന് കാരണം. ഓരോ പ്രാവശ്യം മുടി കഴുകുമ്പോഴും കണ്ടീഷണർ ഉപയോഗിക്കുക. ഇത് മുടിക്ക് കരുത്ത് നൽകി പൊട്ടിപ്പോകുന്നതിൽ നിന്നും സംരക്ഷിക്കുന്നു.
3. ഹോട്ട് ഓയിൽ മസാജ്
എല്ലാ ആഴ്‌ചയും ഇളം ചൂടുള്ള എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നത് നിങ്ങളുടെ മുടി ആരോഗ്യമുള്ളതാക്കാൻ സഹായിക്കുന്നു. വെളിച്ചെണ്ണ, ഒലിവ് ഓയിൽ അല്ലെങ്കിൽ ലാവെൻഡർ ഓയിൽ തുടങ്ങിയവ ഇതിനായി ഉപയോഗിക്കുക.
4. മുടി ചീകുക
ദിവസവും ഒരു നേരം പല്ലകലമുള്ള ചീർപ്പ് ഉപയോഗിച്ച് മുടി നന്നായി ചീകുക. അധികം സമ്മർദം കൊടുക്കാതെ വേണം ശിരോചർമത്തിലും മുടിയിലും ഇത് ചെയ്യേണ്ടത്. രക്തചംക്രമണം വർദ്ധിപ്പിച്ച് മുടി വളർച്ച പെട്ടെന്നാക്കാൻ സഹായിക്കുന്നു.
5. മുടി കെട്ടിവയ്‌ക്കരുത്
നനഞ്ഞ മുടി ഒരിക്കലും ടവ്വലിനുള്ളിലോ അല്ലാതെയോ കെട്ടി വയ്‌ക്കരുത്. ഇത് താരൻ വരാൻ കാരണമാകുന്നു. മാത്രമല്ല, മുടിയുണക്കാനായി മൃദുവായ മൈക്രോ ഫൈബർ ടവ്വലുകളോ പഴയ ടീഷർട്ടോ ഉപയോഗിക്കുക.
6. സമ്മർദം ഒഴിവാക്കുക
ജോലിപരമോ വ്യക്തിപരമോ ആയി നിങ്ങൾ അനുഭവിക്കുന്ന ടെൻഷൻ ശരീരത്തെ ബാധിക്കും. ഇത് മുടികൊഴിച്ചിലിനും കാരണമാകുന്നു. അതിനാൽ സമ്മർദം കുറയ്‌ക്കാനായി യോഗ, ധ്യാനം എന്നിവ ശീലമാക്കുക.