
കൊച്ചി: ഇൻഷ്വറൻസ് പോളിസികൾ വാങ്ങുന്നതിനും പുതുക്കുന്നതിനും ക്ളെയിം സെറ്റിൽമെന്റുകൾക്കും ലളിതവും സൗകര്യപ്രദവുമായ ഓൺലൈൻ പ്ളാറ്റ്ഫോമായ ബീമാ സുഗത്തിന് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് ഏജൻസി(ഐ.ആർ.ഡി.എ) അംഗീകാരം നൽകി. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യത്തോടെ എല്ലാവർക്കും ഇൻഷ്വറൻസ് ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ബീമാ സുഗത്തിന് രൂപം നൽകിയിട്ടുള്ളത്.
ഇൻഷ്വറൻസ് കമ്പനികൾക്ക് അവരുടെ വിവിധ ഉത്പന്നങ്ങൾ ഒറ്റ പ്ളാറ്റ്ഫോമിൽ വിൽക്കാൻ സഹായിക്കുന്ന ബീമാ സുഗത്തിലൂടെ ലൈഫ്, ആരോഗ്യ, നോൺ ലൈഫ് ഇൻഷ്വറൻസ് ഉത്പന്നങ്ങൾ താരതമ്യം പഠനം നടത്തി വാങ്ങാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും. പോളിസി പോർട്ട് ചെയ്യാനും പരാതി പരിഹാര സംവിധാനങ്ങളും ബീമാ സുഗത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻഷ്വറൻസ് കമ്പനികൾ, പോളിസി ഉടമകൾ, ഏജന്റുമാർ തുടങ്ങിയവരെയെല്ലാം ഉൾപ്പെടുത്തിയാണ് പ്ളാറ്റ്ഫോം തയ്യാറാക്കിയിട്ടുള്ളത്. ഇൻഷ്വറൻസ് വിപണനരംഗത്ത് സുതാര്യതയും കാര്യക്ഷമതയും സഹകരണവും മെച്ചപ്പെടുത്താൻ പുതിയ പ്ളാറ്റ്ഫോമിലൂടെ കഴിയുമെന്ന് ഐ.ആർ.ഡി. എ വിലയിരുത്തുന്നു. പോളിസി ഉടമകൾക്ക് എൻഡ് ടു എൻഡ് സേവനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ ഒരു ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് നേരിട്ടും ഏജന്റുമാർ വഴിയും ഇൻഷ്വറൻസ് പോളിസികൾ വാങ്ങുമ്പോൾ വിവിധ ഫോമുകളും രേഖകളും ഫിസിക്കലായി പൂരിപ്പിച്ച് നൽകുകയും പേപ്പർ രൂപത്തിലാക്കുകയും ചെയ്യേണ്ട സാഹചര്യമാണുള്ളത്. ഇൻഷ്വറൻസ് പോളിസികൾ പുതുക്കുന്നതിനും ക്ളെയിം സെറ്റിൽമെന്റ് നടത്തുന്നതിനും പേപ്പർ ഫോമുകൾ ഹാജരാക്കേണ്ടതുണ്ട്. ബീമാ സുഗത്തിൽ ഈ രേഖകൾ ഇലക്ട്രോണിക് രൂപത്തിലായതിനാൽ സുരക്ഷിതമായും എളുപ്പത്തിലും കൈകാര്യം ചെയ്യാൻ സാധിക്കും.
ആയാസ രഹിതമായി പോളിസി വാങ്ങാം
ബീമാ സുഗത്തിൽ പോളിസി വാങ്ങുമ്പോൾ ഒരു ഇലക്ട്രോണിക് ഇൻഷ്വറൻസ് അക്കൗണ്ട് വഴിയാണ് പോളിസിയുടെ സോഫ്റ്റ്‌പകർപ്പുകൾ ലഭ്യമാക്കുന്നത്. എല്ലാത്തരം കമ്പനികളുടെയും വിവിധ ഉത്പന്നങ്ങൾ ഈ പ്ളാറ്റ്ഫോമിൽ ലഭ്യമാകുന്നതിനാൽ ഉപഭോക്താക്കൾക്ക് ഇവ എളുപ്പത്തിൽ താരതമ്യം ചെയ്ത് വാങ്ങാൻ അവസരം ലഭിക്കും.
പ്രീമിയം കുറഞ്ഞേക്കും
ഇടനിലക്കാർ ഒഴിവാകുന്നതും കൈകാര്യ ചെലവുകൾ താഴുന്നതും മൂലം ബീമാ സുഗത്തിലൂടെ വാങ്ങുന്ന പോളിസികളുടെ നിരക്ക് താരതമ്യേന കുറവാകുമെന്ന് വിലയിരുത്തുന്നു. എല്ലാവർക്കും ഇൻഷ്വറൻസെന്ന ലക്ഷ്യം അതിവേഗം നേടാനും പുതിയ പോർട്ടൽ സഹായകരമാകും.