lillykkutty

പേരാവൂർ(കണ്ണൂർ): പേരാവൂർ തുണ്ടിയിൽ കുട്ടിച്ചാത്തൻ കണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെ (60) ഭർത്താവ് ജോൺ (64)വെട്ടിക്കൊലപ്പെടുത്തി. ലില്ലിക്കുട്ടിയെ രക്ഷിക്കുന്നതിനിടെ കൈയ്ക്ക് വെട്ടേറ്റ മകൻ ദീപീഷിന്റെ ഭാര്യാ സഹോദരൻ അനൂപിനെ (25) പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോൺ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലില്ലിക്കുട്ടി ഡിസ്ചാർജായി വീട്ടിലെത്തിയപ്പോഴായിരുന്നു ജോണിന്റെ ആക്രമണം. വാഹനത്തിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിൽ വെട്ടുകത്തിയുമായി വീട്ടിൽ നിന്നും പുറത്തേക്ക് വന്ന ജോൺ ലില്ലിക്കുട്ടിയെ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന അനൂപ് ഭയന്ന് പുറത്തേക്ക് ഓടിയതിന് പിന്നാലെ ജോൺ ലില്ലിക്കുട്ടിയെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉടൻ ലില്ലിക്കുട്ടിയെ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജോണും ലില്ലിക്കുട്ടിയും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ലില്ലിക്കുട്ടിയുടെ മൃതദേഹം പോസ്റ്റമോർട്ടത്തിനായി പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ജോൺ ഓടി രക്ഷപെട്ടിരുന്നു.തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ജോണിനെ പോലീസ് പിടികൂടി.മക്കളായ ദീപ്തി യു.കെയിലും ദീപീഷ് കുവൈത്തിലുമാണ് ജോലി ചെയ്യുന്നത്.ലില്ലിക്കുട്ടി ആശുപത്രിയിലായതോടെ മാനസികാസ്വാസ്ഥ്യത്തിന് കഴിക്കാറുള്ള മരുന്ന് മുടങ്ങിയതാണ് ജോൺ അക്രമാസക്തനായതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.