കാഞ്ഞങ്ങാട്: ഗുരുപുരത്തെ വാടക വീട്ടിൽ നിന്നും 6.96 കോടി രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിൽ അമ്പലത്തറ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കള്ളനോട്ട് വിതരണ ശൃംഖലയ്ക്ക് പിന്നിൽ വൻ റാക്കറ്റുകൾ ഉണ്ടെന്നാണ് വിവരം. വയനാട്ടിലെ ബത്തേരിയിൽ അറസ്റ്റിലായ രണ്ടുപേരും ചെറുമീനുകൾ മാത്രമാണെന്നാണ് സൂചന.

മൗവ്വൽ പരയങ്ങാനത്തു താമസക്കാരനും കർണ്ണാടക പുത്തൂർ സ്വദേശിയുമായ സുലൈമാൻ (52), പെരിയ ബി.എസ് ഹൗസിലെ അബ്ദുൾ റസാഖ്‌ (49) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കള്ളനോട്ട് റാക്കറ്റുകളിലേക്ക് വെളിച്ചം വീശുന്ന തെളിവുകൾ ലഭിച്ചത്. നോട്ടുകളുടെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി അയച്ചു കൊടുത്തു പണം തട്ടുന്നതാണ് ഇവരുടെ രീതി. ദൃശ്യങ്ങൾ കിട്ടുന്നവർ പണവുമായി എത്തി സംഘത്തിന് കൈമാറും. എന്നാൽ ഇവർക്ക് പകരം നോട്ടുകൾ നൽകാതെ കബളിപ്പിക്കും. ബേക്കൽ ഭാഗത്തെ ചിലരെ ഇങ്ങനെ സംഘം കബളിപ്പിച്ചു പണം തട്ടിയിട്ടുണ്ടെന്ന് തെളിഞ്ഞു.

ഇരുവരും ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. പരസ്പര വിരുദ്ധമായി മൊഴി നൽകിയതും പൊലീസിനെ കുഴപ്പിച്ചു. ആളുകളെ കബളിപ്പിക്കാനാണ് വ്യാജ നോട്ടുകൾ ശേഖരിച്ചതെന്നാണ് സുലൈമാൻ പൊലീസിനു നൽകിയ മൊഴി. എന്നാൽ പൊലീസ് അത് വിശ്വാസത്തിലെടുത്തിട്ടില്ല.

വെള്ളിയാഴ്ച രാത്രിയിലാണ് ബത്തേരി പൊലീസ് ഇൻസ്‌പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.

പ്രതികളുമായി തെളിവെടുപ്പ്

ബത്തേരിയിൽ നിന്നും ശനിയാഴ്ച പുലർച്ചെ നാലരമണിയോടെ അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ചോദ്യം ചെയ്തു മൊഴിയെടുത്ത ശേഷം വീടുകളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. സുലൈമാൻ താമസിച്ചിരുന്ന മൗവ്വലിലെ വീട്ടിലും തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് പൂർത്തിയായ ശേഷം ഇന്നലെ വൈകീട്ട് മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കി. പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് പിന്നീട് അപേക്ഷ നൽകും.

നോട്ടുകൾ മാറ്റാൻ ക്വട്ടേഷൻ

ഗുരുപുരത്തെ വീട്ടിൽ നിന്നും ഏഴ് കോടിയുടെ നോട്ടുകൾ മാറ്റാൻ 25 ലക്ഷം രൂപക്ക് ബേക്കലിലെ ഒരു സംഘത്തിന് ക്വട്ടേഷൻ നൽകിയിരുന്നു. ഈ സംഘം നിരവധി തവണ നോട്ടുകൾ കൊണ്ടുപോകാൻ വീടിന്റെ പരിസരത്ത് എത്തിയെങ്കിലും നോട്ടുകൾ മാറ്റാൻ കഴിഞ്ഞിരുന്നില്ല. കാറിൽ സംഘം വീടിന്റെ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടതായി നാട്ടുകാരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.