
കൊല്ലം: മകന്റെ മർദ്ദനമേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കൊല്ലം വെസ്റ്റ് കോട്ടയ്ക്കകം നഗർ 143 തൊണ്ടലിൽ പുത്തൻവീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ ദ്രൗപതിയാണ് (60) മരിച്ചത്.
പ്രതി പ്രമോദിനെ (35) കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16നായിരുന്നു കേസിനാസ്പദമായ സംഭവം.
പൊലീസ് പറയുന്നത്: പ്രമോദ് നിരന്തരം മദ്യപിച്ചെത്തി ദ്രൗപതിയുടെ പേരിലുള്ള വസ്തു ദ്രൗപതിയുടെ മകളും പ്രതിയുടെ സഹോദരിയുമായ ധന്യയ്ക്ക് നൽകി അതിൽ നിന്ന് അഞ്ചുലക്ഷം രൂപ തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ധന്യ വിദേശത്താണ്. സംഭവദിവസം ഉച്ചയ്ക്ക് ശേഷം ഇതേ ആവശ്യം ഉന്നയിച്ച് വീട്ടിലെത്തിയ പ്രതി അമ്മയുമായി വഴക്കിടുകയും അസഭ്യം വിളിച്ചുകൊണ്ട് ദ്രൗപതിയുടെ തല ഇരുമ്പ് പൈപ്പിൽ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ദ്രൗപതിയുടെ കൊച്ചുമകളുടെ പരാതിയിൽ പൊലീസ് അന്നുതന്നെ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കണ്ണിന് പരിക്കേറ്റ ദ്രൗപതി ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. പ്രതി വിദേശത്തുള്ള ഭാര്യയുമായി പിണക്കഴിയുകയായിരുന്നു.