
ലക്‌നൗ: ഉത്തർപ്രദേശിലെ മീററ്റിൽ വീടിന് തീപിടിച്ച് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഷോർട്ട് സർക്യൂട്ട് കാരണം മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചതാണ്
അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാലു (5), ഗോലു (6), നിഹാരിക (8), സരിക (12) എന്നിവരാണ് മരിച്ചത്. രണ്ട് പേർ ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടനെയും രണ്ട് കുട്ടികൾ ഇന്നലെ പുലർച്ചെയും മരണത്തിന് കീഴടങ്ങി.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അപകട സമയം കുട്ടികൾ മുറിയിൽ ഉറങ്ങുകയായിരുന്നു. മാതാപിതാക്കൾ ഈ സമയം അടുക്കളയിലായിരുന്നു. കിടക്കയിലേക്ക് അതിവേഗം തീ പടർന്നതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ് അറിയിച്ചു. മാതാപിതാക്കൾ ഓടി വന്നപ്പോഴേക്കും കുട്ടികളുടെ ശരീരത്തിൽ തീ പടർന്നിരുന്നു.
രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കളും ചികിത്സയിലാണ്. 60 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ മാതാവ് ബബിതയെ (35)
ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി.പിതാവ് ജോണിയും (39) ചികിത്സയിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.