pea-farming

അമരാവതി: കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ കർഷകൻ ചെയ്ത കുറുക്കുവിദ്യ കാരണം കിട്ടിയത് മുട്ടൻപണി. കടം പെരുകിയപ്പോൾ കഞ്ചാവ് കൃഷി ചെയ്തതാണ് കർഷകന് വിനയായത്. ആന്ധ്രാപ്രദേശിലാണ് സംഭവം. പ്രകാശം ജില്ല സ്വദേശിയായ ക‌ർഷകൻ കേശനപ്പള്ളി ബ്രഹ്മയ്യ പയറ് തോട്ടത്തിൽ 282 കഞ്ചാവ് ചെടികൾ വളർത്തുകയായിരുന്നു.

ഗംഗുപല്ലേ ഗ്രാമത്തിലെ തോട്ടത്തിലാണ് ഇയാൾ കഞ്ചാവ് കൃഷി ചെയ്തത്. രഹസ്യവിവരത്തെത്തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിൽ ആറടിയോളം വളർച്ചയെത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി. അഞ്ച് ഏക്കറോളം നിലമാണ് ഇയാൾക്കുള്ളത്. ഇവിടെ പല കൃഷികൾ ഇയാൾ ചെയ്തിരുന്നു.

മഴക്കുറവും കാലാവസ്ഥാവ്യതിയാനവും കാരണം കൃഷിയിൽ വലിയ നഷ്ടം നേരിടേണ്ടി വന്നു. കടം പെരുകിയതോടെ പയറ് ചെടികൾക്കിടയിൽ കഞ്ചാവ് വളർത്താൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. കഞ്ചാവ് വിത്തുകൾ എവിടെനിന്നാണ് ബ്രഹ്മയ്യയ്ക്ക് ലഭിച്ചതെന്നതിൽ വ്യക്തതയില്ല. കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥർ നശിപ്പിച്ചു. മൂന്ന് ലക്ഷത്തോളം വിലവരുന്ന കഞ്ചാവ് ചെടികളാണ് കർഷകൻ നട്ടുവളർത്തിയത്.

അതേസമയം, പത്തനംതിട്ട റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയതായി റിപ്പോർട്ട് പുറത്തുവന്നു. വിഷയത്തിൽ എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അന്വേഷണം നടത്തി കോട്ടയം ഡിഎഫ്ഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. പ്ലാച്ചേരി സ്റ്റേഷനിലെ റെസ്ക്യൂവർ അജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സാം കെ സാമുവൽ എന്നിവരാണ് ഗ്രോ ബാഗിൽ കഞ്ചാവ് വളർത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇവർ 40ഓളം കഞ്ചാവ് ചെടികളാണ് ഗ്രോ ബാഗുകളിലായി സ്റ്റേഷന് ചുറ്റും വളർത്തിയിരുന്നത്. എന്നാൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയിട്ടില്ല. ഗ്രോ ബാഗുകളുടെ അവശിഷ്ടങ്ങളിലും മറ്റും കഞ്ചാവ് വളർത്തിയതിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവം പുറത്തറിഞ്ഞപ്പോൾ ചെടി നശിപ്പിക്കപ്പെട്ടുവെന്നാണ് നിഗമനം.