
ലണ്ടൻ: ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കുന്ന കാര്യം ഗൗരവത്തോടെ പരിഗണിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദർ. ലണ്ടനിൽ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കണമെന്ന് പാകിസ്ഥാനിലെ വ്യവസായികൾ ആഗ്രഹിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. 2019 ഓഗസ്റ്റിലാണ് ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാകിസ്ഥാൻ നിറുത്തിവച്ചത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടെയിലെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണു. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാനിൽ വിലക്കയറ്റവും ക്ഷാമവും രൂക്ഷമാണ്.