
കൊച്ചി: ഇന്ത്യൻ സാമ്പത്തിക മേഖലയിലെ മികച്ച വളർച്ചാ സാദ്ധ്യതകളും ആഗോള രംഗത്തെ അനിശ്ചിതത്വങ്ങളും വിദേശ നിക്ഷേപകരുടെ പ്രിയ വിപണിയായി ഇന്ത്യയെ മാറ്റുന്നു. ജപ്പാനിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഒഫ് ജപ്പാൻ കഴിഞ്ഞ വാരം മുഖ്യ പലിശ നിരക്കിൽ 0.1 ശതമാനം വർദ്ധന പ്രഖ്യാപിച്ചതും അമേരിക്കയിലെ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശ കുറയ്ക്കുമെന്ന് വ്യക്തമാക്കിയതുമാണ് ഇന്ത്യയിലെ ഓഹരികളിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് താത്പര്യം കൂട്ടുന്നത്. ചൈനയിലെ സാമ്പത്തിക പ്രശ്നങ്ങളും ഇന്ത്യയുടെ വളർച്ചാ സാദ്ധ്യതകളും കണക്കിലെടുത്ത് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ മാർച്ചിൽ 38,000 കോടി രൂപയാണ് ഇന്ത്യയിലെ ഓഹരി വിപണിയിൽ എത്തിച്ചത്.
ഫെബ്രുവരിയിൽ കേവലം 1,539 കോടി രൂപ മാത്രമാണ് വിദേശ ധന സ്ഥാപനങ്ങൾ ഇന്ത്യയിൽ മുടക്കിയത്. ജനുവരിയിൽ സാമ്പത്തിക വളർച്ച പ്രതികൂലമാകുമെന്ന ആശങ്കയിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 25,743 കോടി രൂപ പിൻവലിച്ചിരുന്നു. നടപ്പുവർഷം ആദ്യ മൂന്ന് മാസങ്ങളിലെ വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപം 15,833 കോടി രൂപയാണ്.
അമേരിക്കയിൽ നാണയപ്പെരുപ്പം നിയന്ത്രണവിധേയമായതോടെ പലിശ കുറയുമെന്ന പ്രതീക്ഷയും യു. എസ് കടപ്പത്രങ്ങളുടെ മൂല്യ ഇടിവും മൂലം വൻകിട ഫണ്ടുകൾ മികച്ച വളർച്ചാ സാധ്യതയുള്ള വിപണിയായി ഇന്ത്യയെയാണ് കണക്കാക്കുന്നത്. ഇതോടൊപ്പം രാജ്യത്തെ കടപ്പത്ര വിപണിയിൽ വിദേശ നിക്ഷേപകർ മൂന്ന് മാസത്തിനിടെ 55,480 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.
ബദൽ നിക്ഷേപ കേന്ദ്രമായി ഇന്ത്യ
അമേരിക്കയും യൂറോപ്പും അടക്കമുള്ള പ്രമുഖ സാമ്പത്തിക മേഖലകളെല്ലാം കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുമ്പോഴാണ് ഇന്ത്യൻ ഓഹരികൾ അസാധാരണമായ മുന്നേറ്റം കാഴ്ച വെക്കുന്നത്. ഉത്പാദന മേഖലയിലെ വെല്ലുവിളികളും ഉയർന്ന പലിശ നിരക്കും വിലക്കയറ്റ ഭീഷണിയും മറികടന്ന് ഇന്ത്യൻ കമ്പനികൾ മികച്ച പ്രകടനം തുടരുന്നതിനാലാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ ഇന്ത്യയിലേക്ക് പണമൊഴുക്കുന്നതെന്ന് അനലിസ്റ്റുകൾ പറയുന്നു. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ഏറെ കരുത്താർജിച്ചതോടെ കഴിഞ്ഞ വർഷം വിദേശ ഹെഡ്ജ് ഫണ്ടുകളും നിക്ഷേപ സ്ഥാപനങ്ങളും ഇന്ത്യയിൽ നിന്നും വലിയ തോതിൽ പണം പിൻവലിച്ചിരുന്നു. ബാങ്കിംഗ്, ഐ.ടി., ഓട്ടോ, കൺസ്യൂമർ ഗുഡ്സ് തുടങ്ങിയ മേഖലകളിലെ ഓഹരികളിലാണ് വിദേശ നിക്ഷേപം കൂടുതലായെത്തിയത്.