s

ന്യൂഡൽഹി: ബോളിവുഡ് താരം നേഹ ശർമ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. താരത്തിന്റെ പിതാവും ബിഹാർ എം.എൽ.എയുമായ അജയ് ശർമ്മയാണ് ഇക്കാര്യത്തെ സംബന്ധിച്ച സൂചന നൽകിയത്. സഖ്യ കക്ഷികളുമായുള്ള സീറ്റ്‌ വിഭജന ചർച്ചയിൽ ഭഗൽപൂർ മണ്ഡലം കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ മകളെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യുമെന്ന് അജയ് ശർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിന് ഭഗൽപുർ മണ്ഡലം ലഭിക്കണം. ഞങ്ങൾ വിജയിക്കും. കാരണം നിലവിൽ താൻ എം.എൽ.എയാണ്. പാർട്ടി തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടാൽ അതിനും തയ്യാറാണ്. ബിഹാറിൽ നിന്ന് എൻ.ഡി.എയെ 'ഇന്ത്യ" സഖ്യം തുടച്ചുനീക്കുമെന്നും അജയ് ശർമ്മ പറഞ്ഞു. ഇമ്രാൻ ഹാഷ്മി നായകനായ ക്രൂക്ക് എന്ന ചിത്രത്തിലൂടെയാണ് നേഹയുടെ അരങ്ങേറ്റം. പിന്നീട് തന്‍ഹാജി: ദ അൺസംഗ് വാരിയർ, യമല പഗ്‌ല ദീവാന-2, തും ബിൻ-2 തുടങ്ങിയ ചിത്രങ്ങളിൽ അവർ അഭിനയിച്ചു.