sanju-samson

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയല്‍ ലീഗ് 17ാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ നയം വ്യക്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി നായകന്‍ സഞ്ജു സാംസണ്‍. ജയ്പൂരിലെ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു 52 പന്തുകളില്‍ മൂന്ന് ഫോറും ആറ് സിക്‌സറുകളും സഹിതം പുറത്താകാതെ നേടിയത് 82 റണ്‍സ്.

ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ പുറത്തായപ്പോഴാണ് മലയാളി താരം ക്രീസിലെത്തിയത്. ശ്രദ്ധയോടെ തുടങ്ങിയ സഞ്ജു പെട്ടെന്ന് തന്നെ ടോപ് ഗിയറിലേക്ക് കളി മാറ്റി. ഫോറുകളെക്കാള്‍ കൂടുതല്‍ സിക്‌സറുകളാണ് താരം നേടിയതെന്നതും ശ്രദ്ധേയമാണ്. ടി20 ലോകകപ്പ് വരാനിരിക്കെ ഈ ഐപിഎല്ലിലെ പ്രകടനം സഞ്ജുവിന് നിര്‍ണായകമാണ്. സഞ്ജുവിന്റെ മികവില്‍ എല്‍എസ്ജിക്ക് എതിരെ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് ആണ് രാജസ്ഥാന്‍ നേടിയത്.

സ്ഥിരതയോടെ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ മാത്രമേ വിന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാന്‍ കഴിയുകയുള്ളൂ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് താത്പര്യമുള്ള താരമാണ് ടി20 ഫോര്‍മാറ്റില്‍ സഞ്ജുവെന്നതും അനുകൂല ഘടകമാണ്. ഇത്തവണ ലോകകപ്പ് ടീമില്‍ ഇടം കിട്ടിയില്ലെങ്കില്‍ ഇനി ഒരു ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ സഞ്ജുവിന് അവസരം ലഭിക്കാനിടയില്ല. ഇക്കാര്യം മറ്റാരെക്കാളും നന്നായി താരത്തിന് അറിയാം.

അതുകൊണ്ട് തന്നെ ഈ സീസണ്‍ തന്റെ പേരിലാക്കാനുള്ള പ്രകടനങ്ങള്‍ താരത്തിന്റെ ബാറ്റില്‍ നിന്നും ഉണ്ടാകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. മുമ്പത്തെ പല സീസണുകള്‍ നോക്കിയാല്‍ മികച്ച തുടക്കം ലഭിച്ച ശേഷം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ പ്രകടനം താഴേക്ക് വരുന്നതാണ് സഞ്ജുവിന്റെ രീതി. ഇത്തവണ താരത്തില്‍ നിന്ന് അങ്ങനെയൊരു അശ്രദ്ധയുണ്ടാകില്ലെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.