bank

കൊച്ചി: നടപ്പു സാമ്പത്തിക വർഷം പൊതു മേഖല ബാങ്കുകൾ കേന്ദ്ര സർക്കാരിലേക്ക് ലാഭവിഹിതമായി 15,000 കോടി രൂപ നൽകിയേക്കും. ലാഭക്ഷമതയിലെയും പലിശ വരുമാനത്തിലെയും വർദ്ധനയും കണക്കിലെടുത്ത് മുൻനിര ബാങ്കുകളെല്ലാം മുൻവർഷത്തേക്കാൾ ഉയർന്ന തുകയാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപത് മാസങ്ങളിലെ കണക്കുകളനുസരിച്ച് 12 പൊതുമേഖല ബാങ്കുകൾ സംയുക്തമായി 98,000 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ അറ്റാദായത്തിൽ 7,000 കോടി രൂപയുടെ കുറവ് മാത്രമാണ് ഇതുവരെയുള്ളത്.

ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ പൊതു മേഖല ബാങ്കുകളുടെ അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെത്തുമെന്ന് വിലയിരുത്തുന്നു. കഴിഞ്ഞ സാമ്പത്തിക കൈവരിച്ച 1.05 ലക്ഷം കോടി രൂപയാണ് നിലവിലുള്ള റെക്കാഡ്. മുൻവർഷം പൊതു മേഖല ബാങ്കുകൾ 13,804 കോടി രൂപയാണ് ലാഭവിഹിതമായി സർക്കാരിന് നൽകിയത്.