
ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നത് കേന്ദ്ര അന്വേഷണ ഏജൻസികൾ കാരണമാണെന്ന് എൻ.സി.പി നേതാവ് സുപ്രിയ സുലെ എം.പി. ജനാധിപത്യം ഹനിക്കപ്പെടുകയാണ്. ബി.ജെ.പിയിലേക്ക് പോയവർ സ്‌നേഹം കൊണ്ടല്ല പോയത്. ഇൻകം ടാക്‌സ്, സി.ബി.ഐ, ഇ.ഡി എന്നിവയാണ് കാരണം. ഇത് രാഷ്ട്രീയമല്ല, ജനാധിപത്യത്തിന്റെ കൊലപാതകമാണ്.
2009 മുതൽ ബാരാമതി പാർലമെന്റ് മണ്ഡലത്തിൽ നിന്ന് മൂന്നുതവണ എം.പിയായ സുലെ ഇത്തവണയും ഇവിടെ നിന്നാണ് ജനവിധി തേടുന്നത്. എൻ.സി.പിയുടെ മുതിർന്ന നേതാവ് ശരദ് പവാർ രണ്ടുതവണ മത്സരിച്ച മണ്ഡലമാണ് ബാരാമതി. എൻ.സി.പി പിളർത്തി ബി.ജെ.പിക്കൊപ്പം ചേർന്ന അജിത് പവാർ പക്ഷമാണ് ബാരാമതിയിൽ സുപ്രിയയുടെ എതിരാളി. സുപ്രിയ സുലെക്കെതിരെ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മത്സരത്തിനെത്തിയാൽ പവാർ കുടുംബത്തിന്റെ ഏറ്റുമുട്ടലിനായിരിക്കും മണ്ഡലം സാക്ഷ്യം വഹിക്കുക.