d

ഗുവാഹത്തി : ഈ മാസം ആദ്യം പൗരത്വഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ ബംഗ്ലാദേശ് മുസ്ലിം കുടിയേറ്റക്കാർക്ക് സ്വദേശികളാകാൻ നിബന്ധന മുന്നോട്ടുവച്ച് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ. അസാമീസ് സ്വദേശികളായി അംഗീകരിക്കണമെങ്കിൽ ബഹുഭാര്യത്വം,​ ശൈശവ വിവാഹം,​ എന്നിവ ഉപേക്ഷിക്കണമെന്നും രണ്ടിൽ കൂടുതൽ കുട്ടികളെ പ്രസവിക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ബഹുഭാര്യത്വം അസാമിന്റെ സംസ്കാരമല്ല. തങ്ങളുടെ സംസ്കാരം ഉൾക്കൊള്ളാൻ ബംഗ്ല മുസ്ലിം കുടിയേറ്റക്കാർ തയ്യാറായാലേ അവരെ അസം പൗരൻമാരായി അംഗീകരിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ മദ്രസയിൽ പഠിപ്പിക്കാൻ അയയ്ക്കുന്നതിന് പകരം ഡോക്ടർമാരും എൻജിനിയർമാരുമാക്കാൻ പഠിപ്പിക്കണം. പെൺകുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുകയും അവരുടെ പിതാവിന്റെ സ്വത്തിൽ അവകാശം നൽകണമെന്നും ഹിമന്ത ആവശ്യപ്പെട്ടു. അവർ സ്വദേശികളാകാൻ ശ്രമിച്ചാൽ പ്രശ്നമില്ല. പക്ഷേ അതിന് അവർ ശൈശവ വിവാഹവും ബഹുഭാര്യത്വവും ഉപേക്ഷിക്കണം. സ്ത്രീകളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും ഹിമന്ത ശർമ്മ പറഞ്ഞു

ജമ്മു കാശ്മീർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ളത് അസാമിലാണ്. 2011ലെ സെൻസസ് അനുസരിച്ച് അസമിലെ മൊത്തം ജനതയുടെ 34 ശതമാനം പേർ മുസ്ലിങ്ങളാണ്.