pic

മോസ്കോ: റഷ്യയിലെ മോസ്കോയിൽ ക്രോക്കസ് സിറ്റി ഹാളിൽ 137 പേരുടെ ജീവനെടുത്ത ഐസിസ് ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ വിമർശനവുമായി അഫ്ഗാനിലെ താലിബാൻ ഭരണകൂടം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഖൊറാസാൻ ഏറ്റെടുത്തിരുന്നു.

ഐസിസിന്റെ അഫ്ഗാൻ ശാഖയാണ് ഖൊറാസാൻ. എന്നാൽ ഖൊറാസാൻ ശാഖയുടെ പരിശീലന ഹബ്ബുകൾ ഇപ്പോൾ പാകിസ്ഥാനിലാണെന്ന് താലിബാൻ നിയന്ത്രണത്തിലുള്ള ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്‌ച അഫ്ഗാനിലെ കാണ്ഡഹാറിലുണ്ടായ ചാവേർ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഐസിസ് ഖൊറാസാൻ ഭീകരന് പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പരിശീലനം ലഭിച്ചെന്നാണ് വിവരം. ബലൂചിസ്ഥാൻ നിലവിൽ ഐസിസ് ഖൊറാസാന്റെ സുപ്രധാന ശക്തി കേന്ദ്രമായി പ്രവർത്തിക്കുന്നെന്നാണ് താലിബാന്റെ ആരോപണം. ഇവർക്ക് ഇവിടെ നിരവധി ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും ബോംബ് നിർമ്മാണ യൂണിറ്റുകളും ഉണ്ടെന്നാണ് സൂചന.

ഖൊറാസാൻ വിഭാഗത്തിന്റെ തലവനായ ഷിഹാബ് അൽ - മുഹാജിറും അനുയായികളും കഴിയുന്നതും ബലൂചിസ്ഥാൻ പ്രവിശ്യയിലാണ്. ഇവിടെ നിന്ന് ഇവർ ആക്രമണങ്ങൾക്ക് നിർദ്ദേശം നൽകുന്നു. അതേസമയം,​ തജികിസ്ഥാനിലും ഐസിസ് ഖൊറാസാന്റെ സാന്നിദ്ധ്യം വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. ക്രോക്കസ് സിറ്റി ഹാളിൽ ആക്രമണം നടത്തിയ നാല് പേർ തജികിസ്ഥാൻ പൗരന്മാരാണെന്ന് റഷ്യൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ തജികിസ്ഥാൻ പ്രസിഡന്റ് ഇത് സ്ഥിരീകരിച്ചിട്ടില്ല.അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ 152 പേരിൽ 107 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് റഷ്യ അറിയിച്ചു. 137 പേരാണ് കൊല്ലപ്പെട്ടത്. ഹാളിൽ വെടിവയ്പും ബോംബേറും നടത്തിയ നാല് ഭീകരർ അടക്കം 11 പേരെ അറസ്റ്റ് ചെയ്തിരുന്നു.

 വിവരങ്ങൾ നൽകിയില്ലെന്ന് റഷ്യ

മോസ്കോയിലെ ഭീകരാക്രമണ സാദ്ധ്യത സംബന്ധിച്ച വിവരങ്ങളൊന്നും യു.എസ് കൈമാറിയില്ലെന്ന് യു.എസിലെ റഷ്യൻ അംബാസഡറായ അനറ്റോളി ആന്റനോവ് പ്രതികരിച്ചു. മോസ്കോയിൽ സംഗീത നിശ അടക്കം ആൾക്കൂട്ടം ഒത്തുചേരുന്നിടത്ത് ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന് മാർച്ച് 7ന് റഷ്യയിലെ യു.എസ് എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പിനെ റഷ്യൻ ഭരണകൂടം തള്ളിയിരുന്നു.

ആക്രമണ ശേഷം നാല് ഭീകരരും കാറിൽ യുക്രെയിൻ അതിർത്തിയിലേക്ക് രക്ഷപെടാൻ ശ്രമിച്ചെന്നും യുക്രെയിൻ ഭാഗത്ത് ഇവരെ സഹായിക്കാൻ ആളുണ്ടായിരുന്നെന്നും റഷ്യ പറയുന്നു. എന്നാൽ, തങ്ങളെ പ്രതിസ്ഥാനത്ത് നിറുത്താൻ റഷ്യ ഓരോ വഴികൾ തേടുകയാണെന്ന് ആരോപണം നിഷേധിച്ച് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പ്രതികരിച്ചു.