
ആലത്തൂർ: ആലത്തൂർ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാവശ്ശേരി പത്തനാപുരം ഞാറക്കോട് വീട്ടിൽ രാജേഷ് (30) ആണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
രണ്ടു കുട്ടികളുള്ള സ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് യുവാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പരാതി തീർപ്പാക്കി മടങ്ങിയ രാജേഷ് സ്റ്റേഷന് പുറത്തുപോയശേഷം ഉടനെ മടങ്ങിയെത്തി കൈയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടനെ ആലത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ നില ഗുരതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.