ipl

ജയ്പൂര്‍: ഐപിഎല്‍ സീസണില്‍ വിജയത്തോടെ തുടങ്ങി സഞ്ജു സാസംണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. 20 റണ്‍സിനാണ് കെ.എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. 52 പന്തില്‍ 82 റണ്‍സ് നേടി പുറത്താകാതെ നിന്ന നായകന്‍ സഞ്ജു സാംസണ്‍ ആണ് കളിയിലെ താരം.

രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് എല്‍എസ്ജിക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ക്യാപ്റ്റന്‍ രാഹുല്‍ 58(44), തകര്‍ത്തടിച്ച നിക്കോളസ് പൂരന്‍ 64*(41) എന്നിവര്‍ തിളങ്ങിയെങ്കിലും വിജയത്തിന് അത് മതിയാകുമായിരുന്നില്ല. ക്വിന്റണ്‍ ഡി കോക്ക് 4(5), ദേവ്ദത്ത് പടിക്കല്‍ 0(3), ആയുഷ് ബദോനി 1(5) എന്നിവര്‍ തിളങ്ങാതിരുന്നതും തിരിച്ചടിയായി.

ആര്‍ആറിന് വേണ്ടി ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാന്‍ദ്രെ ബെര്‍ഗര്‍, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍, സന്ദീപ് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി സഞ്ജുവിന് പുറമേ യുവ താരം റിയാന്‍ പരാഗും 43(29) തിളങ്ങി. മൂന്നാം വിക്കറ്റില്‍ പരാഗ് - സഞ്ജു സഖ്യം 93 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.

യശ്വസ്വി ജയ്‌സ്‌വാള്‍ 24(120, ധ്രുവ് ജൂരല്‍ 20*(12) എന്നിവരും രാജസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയതോടെയാണ് കൂറ്റന്‍ സ്‌കോര്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞത്.