
6 റൺസിന് മുംബയ് ഇന്ത്യൻസിനെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റാൻസ്
മുംബയ്‌യിലേക്ക് കൂടുമാറിയ ഹാർദിക്കിനോട് ഗുജറാത്തിന്റെ പ്രതികാരം
അഹമ്മദാബാദ് : ആദ്യ രണ്ട് സീസണുകളിൽ തങ്ങളെ നയിച്ച ശേഷം അപ്രതീക്ഷിതമായി മുംബയ് ഇന്ത്യൻസിന്റെ നായകനായിപ്പോയ ഹാർദിക്ക് പാണ്ഡ്യയെ കളിക്കളത്തിൽ കരയിച്ച് ഗുജറാത്തിന്റെ പ്രതികാരം. ഇന്നലെ മുംബയ് ഇന്ത്യൻസിന്റെ നായകനായി ആദ്യ മത്സരത്തിനിറങ്ങിയ ഹാർദിക്കിന് ചേസ് ചെയ്ത് പരാജയം രുചിക്കാനായിരുന്നു വിധി. ടൈറ്റാൻസിന്റെ തട്ടകമായ അഹമ്മദാബാദിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റാൻസ് ആറുവിക്കറ്റ് നഷ്‌ടത്തിൽ 168 റൺസെടുത്തപ്പോൾ മുംബയ് ഇന്ത്യൻസിന് മറുപടിയായി 162/9 എന്ന സ്കോറിലേ എത്താനായുള്ളൂ. അവസാന നാലോവറിൽ ജയിക്കാൻ 40 റൺസ് മാത്രം മതിയായിരുന്നെങ്കിലും വിക്കറ്റുകൾ വലിച്ചെറിഞ്ഞ് മുംബയ് ബാറ്റർമാർ കൂടാരം കയറിയതോടെയാണ് കളി തിരിഞ്ഞത്. ജയിക്കാൻ 19 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിലെ ആദ്യ പന്തിൽ ഹാർദിക്ക് സിക്സും അടുത്ത പന്തിൽ ഫോറും നേടിയെങ്കിലും അടുത്ത പന്തുകളിൽ ഹാർദിക്കിനെയും പിയൂഷിനെയും പുറത്താക്കി ഉമേഷ് യാദവ് കളി ടൈറ്റാൻസിന് അനുകൂലമാക്കുകയായിരുന്നു.
നേരത്തേ സായ് സുദർശൻ(45), ശുഭ്മാൻ ഗിൽ (31),വൃദ്ധിമാൻ സാഹ(19), അസ്മത്തുള്ള ഒമർസായ്(17),രാഹുൽ തെവാത്തിയ (22) എന്നിവരുടെ പോരാട്ടമാണ് ഗുജറാത്തിനെ 168 റൺസിലെത്തിച്ചത്. മുംബയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാലോവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ മുംബയ്ക്ക് വേണ്ടി പഴയക്യാപ്ടൻ രോഹിത് ശർമ്മ പന്തുകളിൽ റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.ഇംപാക്ട് പ്ളേയറായി ഇറങ്ങിയ ബ്രെവിസ് (46), തിലക് വർമ്മ (25),നമാൻ ധിർ(20) എന്നിവരും പൊരുതിയെങ്കിലും 129/3 എന്ന നിലയിൽ നിന്ന് മുംബയ് 162/9ലേക്ക് പതിച്ചു. ഗുജറാത്തിന് വേണ്ടി അസ്മത്തുള്ള,ഉമേഷ് യാദവ്,സ്പെൻസർ ജോൺസൺ,മോഹിത് ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സായ് കിഷോറിന് ഒരു വിക്കറ്റ് ലഭിച്ചു.