
തിരുവനന്തപുരം : റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ മുന്നുപേർ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തൽ മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരിക്ക് പറ്റിയ   തിരുവനന്തപുരം പൊഴിയൂർ സ്വദേശി  ഡേവിഡ് മുത്തപ്പന്റേതാണ് (23 ) വെളിപ്പെടുത്തൽ. ഡ്രോൺ ആക്രമണത്തിൽ സാരമായി പരിക്കേറ്റ് റഷ്യയിലെ ഒരു പള്ളിയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുകയാണ് ഡേവിഡ് മുത്തപ്പൻ. സെക്യൂരിറ്റി ജോലിക്ക് പോയി ഏജന്റുമാരുടെ ചതിയിൽപ്പെട്ടതാണ് ഡേവിഡും.
കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് ഡേവിഡ് ഡൽഹിയിലെ ഒരു ഏജന്റിന്റെ സഹായത്തോടെ റഷ്യയിലേക്ക് പോയത്. 3.40 ലക്ഷം രൂപയാണ് ഡേവിഡ് ഏജന്റിന് നൽകിയതെന്ന് സഹോദരൻ കിരൺ മുത്തപ്പൻ പറഞ്ഞു. ദരിദ്രരായ മത്സ്യത്തൊഴിലാളി കുടുംബാംഗമാണ്. സ്വന്തമായൊരു വീടു പോലുമില്ല. മകനെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് അപേക്ഷിച്ച് കരയുകയാണ് അമ്മ അരുൾമേരി.
മനുഷ്യക്കടത്തിനിരയായി റഷ്യയിലെത്തിയ മലയാളികളെ യുക്രൈനിൽ യുദ്ധം ചെയ്യാൻ നിയോഗിച്ചെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. യുദ്ധമുഖത്ത് കുടുങ്ങിയ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ് സെബാസ്റ്റ്യൻ, വിനീത് സെൽവ, ടിനു പനിയടിമ എന്നിവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ വിവരം പുറത്തുവരുന്നത്. റഷ്യൻ പൗരത്വമുള്ള മലയാളി സന്തോഷ് അലക്സ് ആണ് കേരളത്തിൽ നിന്നുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായവർ പറയുന്നു
റഷ്യയിൽ ആർമി സെക്യൂരിറ്റി ഹെൽപ്പർ ജോലി വാഗ്ദാനം ചെയ്താണ് സന്തോഷ് അലക്സിന്റെ ബന്ധു മലയാളിയായ ഏജന്റ് പ്രിയൻ ഇവരെ സമീപിച്ചത്. ഇതിനായി ഓരോരുത്തരുടെയും കൈയ്യിൽ നിന്ന് ഏഴു ലക്ഷം രൂപ വാങ്ങുകയും ചെയ്തു. റഷ്യയിലെത്തിയപ്പോഴാണ്, നടന്നത്  യുദ്ധഭൂമിയിലേക്കുള്ള മനുഷ്യക്കടത്താണെന്ന് തിരിച്ചറിഞ്ഞത്. ഇന്ത്യക്കാരെ യുദ്ധത്തിനായി റഷ്യയിലേക്ക് കടത്തിയതിന് മൂന്ന് മലയാളികളടക്കം 19 പേർക്കെതിരെ സി.ബി.ഐ കേസെടുത്തിട്ടുണ്ട്.