ipl

അഹമ്മദാബാദ്: ഐപിഎല്‍ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങി മുംബയ് ഇന്ത്യന്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ആറ് റണ്‍സിനാണ് മുന്‍ ചാമ്പ്യന്‍മാര്‍ തോറ്റ് മടങ്ങിയത്. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബയ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സില്‍ ഒതുങ്ങി.

രോഹിത് ശര്‍മ്മ 43(29), ഡിവാള്‍ഡ് ബ്രെവിസ് 46(38), നമന്‍ ധിര്‍ 20(10), തിലക് വര്‍മ്മ 25(19) എന്നിവര്‍ മുംബയ്ക്കായി ബാറ്റിംഗില്‍ തിളങ്ങി. ഇഷാന്‍ കി,ന്‍ 0(4), ടിം ഡേവിഡ് 11(10) എന്നിവര്‍ നിരാശപ്പെടുത്തി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അസ്മത്തുള്ള ഒമര്‍സായ്, ഉമേഷ് യാദവ്, സ്‌പെന്‍സര്‍ ജോണ്‍സന്‍, മോഹിത് ശര്‍മ്മ എന്നിവര്‍ ഗുജറാത്തിനായി ബൗളിംഗില്‍ തിളങ്ങി. സായ് കിഷോര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദര്‍ശന്‍ 45(39), ശുഭ്മാന്‍ ഗില്‍ 31(22) എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്‌കോര്‍ നേടിയത്. രാഹുല്‍ തെവാത്തിയ 15 പന്തില്‍ 22 റണ്‍സ് നേടി. അതേസമയം, മുംബയ്ക്കായി ക്യാപ്റ്റന്‍സിയില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യയെ കൂവലുകളുമായാണ് ആരാധകര്‍ വരവേറ്റത്. കഴിഞ്ഞ സീസണ്‍ വരെ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്ന ഹാര്‍ദിക് ഈ വര്‍ഷമാണ് തന്റെ പഴയ തട്ടകമായ മുംബയിലേക്ക് തിരിച്ചെത്തിയത്.

മുംബയ് ക്യാപ്റ്റന്‍സിയില്‍ ഒരു പതിറ്റാണ്ട് നീണ്ട രോഹിത് ശര്‍മ്മ യുഗത്തിന് അന്ത്യം കുറിച്ചായിരുന്നു ഹാര്‍ദികിന്റെ മടങ്ങിവരവ്. ഇത് മുംബൈ ആരാധകരെ ചൊടിപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് മുംബയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ അണ്‍ഫോളോ ചെയ്ത് പ്രതിഷേധം അറിയിച്ചത്.

ഇപ്പോഴിതാ മൈതാനത്തും ഹാര്‍ദികിനെ കൂവലുകളുമായി വരവേല്‍ക്കുകയാണ് ആരാധകര്‍. ടോസിനായി ഗ്രൗണ്ടിലെത്തിയ സമയത്ത് പാണ്ഡ്യയുടെ പേര് പറഞ്ഞപ്പോഴാണ് ഗാലറിയില്‍ നിന്ന് കൂവലുകള്‍ മുഴങ്ങിയത്. ഫീല്‍ഡിംഗിനിടയിലും പല തവണ ആരാധകര്‍ പാണ്ഡ്യക്കെതിരെ കൂവി വിളിച്ചു.