bank

ആലുവ: നിസാരലാഭത്തിന് ബാങ്ക് അക്കൗണ്ട് വില്പന നടത്തുന്നവര്‍ സൂക്ഷിക്കുക, നിങ്ങളെ കാത്തിരിക്കുന്നു വലിയ നടപടികള്‍. എറണാകുളം റൂറല്‍ ജില്ലാ പൊലീസിന്റേതാണ് ഈ മുന്നറിയിപ്പ്. വില്പന നടത്തിയ നിരവധി അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്.

കഴിഞ്ഞദിവസം റൂറല്‍ സൈബര്‍ പൊലീസ് പിടികൂടിയ ഒണ്‍ലൈന്‍ തട്ടിപ്പു കേസിലെ പ്രതികള്‍ ഇത്തരത്തില്‍ അക്കൗണ്ട് വില്പന നടത്തിയവരാണ്. ഇവരില്‍ നിന്ന് അക്കൗണ്ടുകള്‍ വാങ്ങിയവര്‍ നിരവധി ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. അതില്‍ വലിയൊരു പങ്കും തട്ടിപ്പുസംഘവുമായി ബന്ധപ്പെട്ടതും. ഇതോടെ അക്കൗണ്ട് വിറ്റവര്‍ അഴിക്കുള്ളിലായി.

വില്പനക്കാരില്‍ വിദ്യാര്‍ത്ഥികളും

ബാങ്ക് അക്കൗണ്ടുകള്‍ വില്‍ക്കുന്നവരിലേറെയും കോളേജ് വിദ്യാര്‍ത്ഥികളും യുവാക്കളുമാണ്. സൈബര്‍ തട്ടിപ്പുകേസുകളില്‍ മിക്കവാറും ആദ്യം പിടിയിലാകുന്നത് അക്കൗണ്ട് ഉടമകളാണ്. സുഹൃത്തിന് കുറച്ച് പണം വരാനുണ്ടായിരുന്നെന്നും അതിനായി അക്കൗണ്ട് എടുത്തു നല്‍കിയെന്നുമാണ് പിടിയിലായവര്‍ പറയുന്നത്. പലപ്പോഴും ഈ 'സുഹൃത്ത് ' അജ്ഞാതനായിരിക്കും. ഇനി ഇവര്‍ പറയുന്ന സുഹൃത്തിനെ പിടികൂടിയാലോ ഒന്നുമറിയില്ലെന്ന് പറഞ്ഞ് അയാള്‍ കൈമലര്‍ത്തും. ഇന്‍സ്റ്റയിലൂടെയോ ടെലഗ്രാമിലൂടെയോ പരിചയപ്പെട്ട് സുഹൃത്തുക്കളായ തട്ടിപ്പുസംഘത്തിന് അക്കൗണ്ട് എടുത്ത് നല്‍കുന്നവരുമുണ്ട്. അക്കൗണ്ടില്‍ വരുന്ന തുകയ്ക്കനുസരിച്ച് പ്രതിമാസം കമ്മീഷനോ അല്ലെങ്കില്‍ പതിനായിരം രൂപ മുതലുള്ള ഒരു തുകയോ ആയിരിക്കും ഉടമസ്ഥന് വാഗ്ദാനം ചെയ്യുന്നത്. അക്കൗണ്ടിന്റെ പൂര്‍ണനിയന്ത്രണം തട്ടിപ്പ് സംഘത്തിനായിരിക്കും. പണം അക്കൗണ്ടിലേക്ക് അയയ്ക്കുന്നത് ആരാണെന്നോ, എന്തിനാണെന്നോ, എവിടെ നിന്നാണെന്നോ, ആരാണ് തുക പിന്‍വലിക്കുന്നതെന്നോ യഥാര്‍ത്ഥ ഉടമകള്‍ അറിയുന്നുണ്ടാവില്ല. അറസ്റ്റിലായിക്കഴിയുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസിലാക്കുന്നത്. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ പരിചയമില്ലാത്തവര്‍ക്ക് കൈമാറരുതെന്ന മുന്നറിയിപ്പും അവഗണിക്കുകയാണ്. ഇതുപയോഗിച്ചും തട്ടിപ്പുസംഘം അക്കൗണ്ടെടുക്കുന്നുണ്ട്.

അപകടകരമായ തട്ടിപ്പ് രീതിയെന്ന് എസ്.പി

കേരളത്തില്‍ പുതുതായി വളര്‍ന്നുവരുന്ന അപകടകരമായ തട്ടിപ്പ് രീതിയാണിത്. നേരത്തെ മറ്റു സംസ്ഥാനങ്ങളിലാണ് ഇത്തരം തട്ടിപ്പുരീതികള്‍ കണ്ടിട്ടുള്ളത്. ഇത്തരത്തിലെ തട്ടിപ്പിന്റെ വ്യാപ്തി പൊതുസമൂഹം മനസിലാക്കിയിട്ടില്ല. അതുകൊണ്ടാണ് മുന്നറിയിപ്പു നല്‍കുന്നതെന്നും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു.