
കൊച്ചി: പ്രളയത്തിന്റെ രൂപത്തിലെത്തിയ ദുർവിധി പാകമായ വിളയടക്കം നിലംപരിശാക്കിയെങ്കിലും മോഹനൻ മണ്ണിനോട് ചേർന്നു നിന്നു. മണ്ണ് ചതിക്കില്ലെന്ന പഴമൊഴി അന്വർത്ഥമാക്കി കൊടുംവേനലിലും മോഹനൻ മണ്ണിൽ പൊന്നു വിളയിക്കുന്നു.
പത്തു പാസായപ്പോൾ അമ്മാവൻമാർക്കൊപ്പം കള്ളുചെത്തിനിറങ്ങിയതാണ് ആലങ്ങാട് കൊടുവഴങ്ങ പീച്ചിരിക്കാട്ടിൽ കെ.കെ.മോഹനൻ. യൗവ്വനകാലം കടന്നപ്പോൾ ചെത്തുതൊഴിലിൽ നിന്ന് പിൻവാങ്ങി, കൃഷിപ്പണിയിലേക്കിറങ്ങി. സമീപവാസികളുടെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയും തുടങ്ങി. ഇന്ന് 65-ാം വയസിൽ മോഹനൻ സന്തുഷ്ടനാണ്.
സലാഡ് വെള്ളരിയും പാവലും വാഴയുമാണ് മോഹനന്റെ പ്രധാനകൃഷി
വെണ്ടയും തക്കാളിയും ക്വാളിഫ്ലവറുമെല്ലാം പരീക്ഷിക്കുന്നുണ്ട്. മത്തൻചൊരക്ക, പൊട്ടുവെള്ളരി തുടങ്ങി വേറിട്ട ഇനങ്ങൾ ഇടവിളയായി എത്തും. ഇപ്പോൾ ഒരേക്കറിലധികം സ്ഥലത്ത് കൃഷിയുണ്ട്.
പ്രാദേശിക വിപണയിലാണ് വില്പന. സഹകരണ സംഘങ്ങളുടെ പിൻതുണയുള്ളതിനാൽ മുതലാകുന്ന വില കിട്ടും.
കൃഷിയിടത്തു നിന്ന് ഓരോ ദിനവും പുതിയ കാര്യങ്ങൾ പഠിക്കുകയാണ് മോഹനൻ. ഒപ്പം അറിഞ്ഞ കാര്യങ്ങൾ കൃഷിയിൽ താത്പര്യമുള്ളവരോട് പങ്കുവയ്ക്കാനും തയ്യാറാണ് ഈ കർഷകൻ.
പ്രളയമുണ്ടാക്കിയ മാറ്റം
2018 ലെ പ്രളയകാലത്ത് അഞ്ചരയേക്കേറിൽ കൃഷിയുണ്ടായിരുന്നു. ഓഗസ്റ്റ് 15 നായിരുന്നു വിളവെടുപ്പ്. ശേഖരിച്ച് കെട്ടിവച്ചിരുന്ന 40 കിലോ വെണ്ടയ്ക്കടയക്കം നിമിഷങ്ങൾ കൊണ്ട് വെള്ളത്തിലായി. നഷ്ടം 5 ലക്ഷം രൂപയോളം. എന്നാൽ പ്രളയത്തിൽ എക്കൽ അടിഞ്ഞതും അടിമണ്ണുവരെ നടഞ്ഞതും ഗുണമായി. തുടർന്നുള്ള മാസങ്ങളിൽ നല്ല വിളവു ലഭിച്ചു.
കൃഷി നഷ്ടമാണെന്ന വാദം ശരിയല്ല. ചെടികൾ പരിപാലിക്കാൻ പണിക്കാരെ വയ്ക്കാതെ നമ്മൾ തന്നെ മുന്നിട്ടിറങ്ങിയാൽ കൃഷി ലാഭമാണ്. ശരീരത്തിന്റെ ആരോഗ്യവും നിലനിറുത്താം.
_ കെ.കെ. മോഹനൻ