pic

ക്വാലാലംപ്പൂർ: ഫാഷൻ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള വസ്ത്രമാണ് ഗൗൺ. വിശേഷ അവസരങ്ങളിലും കല്യാണത്തിനുമൊക്കെ അതിമനോഹരമായ ഗൗണുകൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെയും.

ഫാഷൻ ചരിത്രത്തിൽ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും വില കൂടിയ ഗൗൺ ഏതാണെന്ന് അറിയാമോ.? ' ദ നൈറ്റിംഗേൽ ഒഫ് ക്വാലാലംപ്പൂർ' ആണത്. ഫൈസൽ അബ്ദുള്ള എന്ന പ്രശസ്ത മലേഷ്യൻ ഡിസൈനറാണ് റെഡ് ബർഗന്റി നിറത്തിലെ ഈ അതിമനോഹരമായ ഈവിനിംഗ് ഗൗണിന് പിന്നിൽ.

ക്രിംസൺ സിൽക്കിലും ടഫറ്റയിലും തയാറാക്കിയ ഈ ഗൗണിന്റെ ആകെ ചെലവ് 30 മില്യൺ ഡോളർ ( 2,50,78,15,500 രൂപ ) ആണ്. 2009ൽ മലേഷ്യയിലെ ക്വാലാലംപ്പൂരിൽ നടന്ന ഒരു ഫാഷൻ ഷോയ്ക്കിടെയാണ് ഗൗൺ അവതരിപ്പിച്ചത്. മലേഷ്യൻ നടിയും മോഡലുമായ കവിത സിന്ധുവാണ് അന്ന് ഈ ഗൗൺ ധരിച്ച് റാംപിലെത്തിയത്.

1,100 കാരറ്റിലേറെ ഭാരമുള്ള 751 ഡയമണ്ടുകളാണ് ഈ ഗൗണിൽ തുന്നിച്ചേർത്തിട്ടുള്ളത്. ഇതിൽ 750 ഡയമണ്ടുകളും ഗൗണിന്റെ 6 മീറ്റർ നീളത്തിലെ ട്രെയിനിലാണ് ( പിന്നിൽ താഴേക്ക് നീണ്ടുകിടക്കുന്ന ഭാഗം ) ഉള്ളത്. സ്വരോവ്സ്കി ക്രിസ്റ്റലുകളുമുണ്ട്. മഴത്തുള്ളിയുടെ ആകൃതിയിലെ ഒരു 70 കാരറ്റ് ഡയമണ്ട് ഗൗണിന്റെ മുന്നിലാണ് ഘടിപ്പിച്ചിട്ടുള്ളത്.