
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെ എൻ യു) വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുകയാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ എ ബി വി പി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിക്കൊണ്ട് ഇടതുസഖ്യം ഭരണം നിലനിർത്തി.
ജെ എൻ യുവിലേത് രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ്. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായിട്ടാണ് ഒരു ദളിത് വ്യക്തി യൂണിയൻ പ്രസിഡന്റാകുന്നതെന്ന പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പിനുണ്ട്. എ ബി വി പിയുടെ ദീപിക ശർമ്മയെ തോൽപ്പിച്ച് അവിജിത് ഘോഷ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (BAPSA) പിന്തുണയോടെയാണ് പ്രിയാൻഷി ആര്യ 2887 വോട്ടുകൾ നേടി ജനറൽ സെക്രട്ടറിയായത്. 2574 വോട്ടുകളുമായാണ് മോ സാജിദ് ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ആരാണ് ധനഞ്ജയ്?
1996 ന് ശേഷം ജെ എൻ യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റാകുന്ന ആദ്യ ദളിത് യുവാവാണ് ധനഞ്ജയ്. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനിൽ (എ ഐ എസ് എ) നിന്നുള്ള ധനഞ്ജയ് എ ബി വി പി സ്ഥാനാർത്ഥി ഉമേഷ് സി അജ്മീറയ്‌ക്കെതിരെ 2,598 വോട്ടുകളാണ് നേടിയത്. ഉമേഷിന് 1,676 വോട്ടുകൾ മാത്രമേ ലഭിച്ചിള്ളൂ.

ബീഹാറിലെ ഗയ സ്വദേശിയായ ധനഞ്ജയ് സ്‌കൂൾ ഒഫ് ആർട്സ് ആൻഡ് എസ്‌തെറ്റിക്സിലെ പി എച്ച് ഡി വിദ്യാർത്ഥിയാണ്. ബട്ടിലാൽ ബൈർവയായിരുന്നു ഇതിനുമുമ്പ് ജെ എൻ യു യൂണിയൻ പ്രസിഡന്റായ ദളിത് വിദ്യാർത്ഥി.
വിദ്യാർത്ഥികളെ സ്വാധീനിച്ച ധനഞ്ജയ്‌യുടെ വാക്കുകൾ
ഫീസ് വർദ്ധനയ്‌ക്കെതിരെ ആരെങ്കിലും പോരാടിയിട്ടുണ്ടെങ്കിൽ അത് ഇടതുപക്ഷമാണെന്നതായിരുന്നു ധനഞ്ജയ്‌യുടെ പ്രധാന മുദ്രാവാക്യം. എസ് എഫ് ഐ എല്ലാവർക്കുമായി ഹോസ്റ്റൽ ഉറപ്പാക്കിയെന്നും അവകാശപ്പെട്ടു.
'സ്ത്രീകളുടെ സുരക്ഷ തുടരുന്നു. കാമ്പസ്, ഫണ്ട് വെട്ടിക്കുറയ്ക്കൽ, സ്‌കോളർഷിപ്പ് വർദ്ധന, അടിസ്ഥാന സൗകര്യം, ജല പ്രതിസന്ധി എന്നീ പ്രശ്നങ്ങൾക്കൊക്കെ മുൻഗണന നൽകുമെന്നും ധനഞ്ജയ് വ്യക്തമാക്കിയിരുന്നു.
ജെഎൻയുവിലെ വിദ്യാർത്ഥികൾ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയത്തെ ഒരിക്കൽ കൂടി തള്ളിക്കളഞ്ഞെന്നായിരുന്നു തിരഞ്ഞെടുക്കപ്പെട്ട ശേഷം ധനഞ്ജയ്‌യുടെ ആദ്യ പ്രതികരണം. 'വിദ്യാർത്ഥികൾ ഞങ്ങളിലുള്ള വിശ്വാസം ഒരിക്കൽക്കൂടി കാണിച്ചു. അവരുടെ അവകാശങ്ങൾക്കായി ഞങ്ങൾ പോരാടുന്നത് തുടരും.' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
തിരഞ്ഞെടുക്കപ്പെട്ടവരിൽ മലയാളിയും
എസ് എഫ് ഐ സ്ഥാനാർത്ഥിയും തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയുമായ കിഴക്കൂട്ട് ഗോപിക ബാബു ആണ് കൗൺസിലർ സ്ഥാനത്തേക്ക് വിജയിച്ചത്. തിരഞ്ഞെടുപ്പിലെ ഏക മലയാളിയാണ് ഗോപിക. സ്കൂൾ ഓഫ് സോഷ്യൽ സയൻസ് കൗൺസിലറായാണ് മത്സരിച്ചത്. സോഷ്യോളജി മാസ്റ്റേഴ്സ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. തൃശൂരിൽ ജനിച്ചെങ്കിലും ബഹ്റൈനിലാണ് വളർന്നത്. അച്ഛൻ - കെ.ജി. ബാബു. അമ്മ - ജുമാ ബാബു. ഇരട്ട സഹോദരി - ദേവിക ബാബു.

തിരഞ്ഞെടുപ്പിനിടയിലെ നിരാഹാരം
വോട്ടെടുപ്പ് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എ ഐ എസ് എഫ് സ്ഥാനാർത്ഥി സ്വാതി സിംഗിനെ അയോഗ്യയാക്കിയതിൽ കാമ്പസിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
വനിതാ സെക്യൂരിറ്റി ഗാർഡുകളെ ആക്രമിച്ച സംഭവത്തിൽ സ്വാതി സിംഗിനെ പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടി എ ബി വി പി അംഗം വികാസ് പട്ടേൽ നൽകിയ പരാതിയിലാണ് സ്ഥാനാർത്ഥിത്വം റദ്ദാക്കിയത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഏഴ് മണിക്കൂർ മുമ്പ്, പുലർച്ചെ രണ്ടുമണിക്കാണ് അയോഗ്യയാക്കി നോട്ടീസ് നൽകിയത്.

തന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കിയത് മുഴുവൻ സംഘടനകളുടെയും യോഗം വിളിച്ച് ചർച്ച ചെയ്യണമെന്നും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് സ്വാതി സിംഗ് നിരാഹാര സമരം നടത്തിയിരുന്നു.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റണമെന്ന ഇടത് പാനലിന്റെ അഭ്യർത്ഥന സർവകലാശാല തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചില്ല. തുടർന്ന് ബാപ്‌സ പാനലിലെ പ്രിയാൻഷി ആര്യയ്‌ക്ക് ഇടത് പാനൽ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
നാല് വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പ്
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജെ എൻ യുവിൽ തിരഞ്ഞെടുപ്പ് നടന്നത്. 2019 സെപ്തംബറിലാണ് അവസാന ജെഎൻയു വോട്ടെടുപ്പുണ്ടായത്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളായ സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്‌ഐ), ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് എന്നീ സംഘടനകളാണ് അന്ന് വോട്ടുകൾ തൂത്തുവാരിയത്.
എന്നാൽ വിവാദ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനമടക്കമുള്ള നിരവധി പ്രതിഷേധങ്ങൾ നടന്നതിന് പിന്നാലെ പിഴ ചുമത്തൽ അടക്കമുള്ള കടുത്ത നടപടികളിലേക്ക് അധികൃതർ നീങ്ങിയിരുന്നു.

നാല് വർഷമായി മുടങ്ങിക്കിടക്കുന്ന തിരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞ ജനുവരിയിലാണ് ജവഹർലാൽ നെഹ്റു സർവകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചത്. ജെ എൻ യുവിലെ വിദ്യാർത്ഥി യൂണിയൻ സർവ്വകലാശാലാ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമായിരുന്നു തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്.