maldives-president

മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു 'ശാഠ്യം' അവസാനിപ്പിച്ച് അയൽരാജ്യങ്ങളുമായി ചർച്ച നടത്തിയാൽ സാമ്പത്തിക വെല്ലുവിളി മറികടക്കാൻ കഴിയുമെന്ന് മുൻ പ്രസിഡന്റ് ഇബ്രാംഹിം മുഹമ്മദ് സോലിഹ്. മാലദ്വീപിന് കടാശ്വാസം നൽകണമെന്ന് ഇന്ത്യയോട് മുഹമ്മദ് മുയിസു അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് സോലിഹിന്റെ ഈ പരാമർശം. കഴിഞ്ഞ സെപ്തംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് 45കാരനായ മുയിസു 62കാരനായ സോലിഹിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തുന്നത്.

'മുയിസു ഇന്ത്യയോട് കടാശ്വാസം നൽകണമെന്ന് അഭ്യർത്ഥിച്ചതായി മാദ്ധ്യമങ്ങളിൽ ഞാൻ കണ്ടു. എന്നാൽ മാലദ്വിപീന്റെ സാമ്പത്തിക ഞെരുക്കം ഇന്ത്യയ്ക്കുള്ള വായ്‌പാ കുടിശ്ശിക മൂലമല്ല. ഇന്ത്യയെക്കാൾ കൂടുതൽ ചെെനയ്‌ക്കാണ് നൽകാനുള്ളത്. തിരിച്ചടവ് കാലയളവ് 25 വർഷമാണ്. നമ്മുടെ അയൽ രാജ്യക്കാർ നമ്മെ സഹായിക്കുമെന്ന് ഉറപ്പാണ്. ഈ ശാഠ്യം അവസാനിപ്പിച്ച് അവരുമായി ചർച്ച നടത്തണം. സർക്കാർ പൊതുജനങ്ങളെ കബളിപ്പിക്കുകയാണ്. എംഡിപി സർക്കാർ ആരംഭിച്ച പദ്ധതികൾ പുനരാരംഭിക്കുക മാത്രമാണ് ചെയ്യുന്നത്. ആ നുണ മറയ്ക്കാനാണ് മന്ത്രിമാർ ഇപ്പോൾ കള്ളം പറയുന്നത്.' - മാലെയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സോലിഹ് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ അവസാന കണക്കുകൾ പ്രകാരം 400.9 മില്യൺ ഡോളറാണ് മാലദ്വീപ് ഇന്ത്യയ്ക്ക് നൽകാനുള്ളത്. പല സമയങ്ങളിലായാണ് ഈ സഹായധനം കൈപ്പ​റ്റിയത്. തുക ഒരുമിച്ച് തിരിച്ചടയ്ക്കാൻ പ്രയാസമാണെന്നും തിരിച്ചടവു വ്യവസ്ഥകളിൽ മാ​റ്റം വരുത്തണമെന്നുമാണ് മാലദ്വീപിന്റെ ഇപ്പോഴാത്തെ ആവശ്യം. നിലവിൽ ഇന്ത്യയുമായി സഹകരിച്ചു മുന്നോട്ടുപോകുന്ന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇക്കാര്യം കഴിഞ്ഞ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചിരുന്നുവെന്നും മുയിസു പറഞ്ഞിരുന്നു.

ഏപ്രിലിൽ മാലദ്വീപിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് മുയിസുവിന്റെ നിലപാടു മാ​റ്റമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നവംബറിലാണ് മുയിസു പ്രസിഡന്റായി അധികാരമേ​റ്റത്. ഇതിനുശേഷമാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കാൻ തുടങ്ങിയത്. മേയ് പത്തിനകം മാലദ്വീപിലുള്ള 88 ഇന്ത്യൻ സൈനികരെ പൂർണമായും പിൻവലിക്കണമെന്ന് ചൈനീസ് അനുഭാവിയായ മുയിസു ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഈ മാസമാദ്യം സെെനികരുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തി.