
മലപ്പുറം: ഉദരംപൊയിലിൽ രണ്ടര വയസുകാരിയുടെ മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ട് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാളിക്കാവ് സ്വദേശി മുഹമ്മദ് ഫായിസ് -ഷഹ്ബത്ത് ദമ്പതികളുടെ മകളായ ഫാത്തിമ നസ്‌റിനാണ് കഴിഞ്ഞ ദിവസം വൈകിട്ട് മരിച്ചത്. കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന മാതാവിന്റെയും ബന്ധുക്കളുടെയും ആരോപണങ്ങളുയരുന്നതിനാൽ മുൻകരുതലെന്ന നിലയിലാണ് ഫായിസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നസ്‌റിന്റെ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുളളൂവെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ഫായിസ് കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് ഷഹ്ബത്തിന്റെയും ബന്ധുക്കളുടെയും ആരോപണം. ബോധരഹിതയായ കുഞ്ഞിനെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന പേരിലാണ് ഇയാൾ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ നസ്‌റിൻ മരണപ്പെട്ടിരുന്നുവെന്നും തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.