
തിരുവനന്തപുരത്ത് വികസനം വിചാരിച്ചത് പോലെ നടന്നില്ല. കഴിഞ്ഞ 15 വർഷത്തിൽ ആദ്യത്തെ 5 വർഷം മാറ്റിയാൽ നിലവിലെ എം.പിക്ക് കേന്ദ്രത്തിലും സംസ്ഥാനത്തും സ്വാധീനമില്ല. ഇന്ത്യയുടെ മറ്റ് ഭാഗത്ത് നടക്കുന്ന വികസനം കേരളത്തിൽ എത്തിക്കാൻ കഴിയാത്തത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാട് മൂലമാണ്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ പ്രതിനിധി തിരുവനന്തപുരത്ത് ഉണ്ടായാൽ വികസനത്തിന് പ്രയോജനമാകും.
ഞാൻ തിരുവനന്തപുരത്തെ കാണുന്നത് വിദ്യാഭ്യാസ കേന്ദ്രമായിട്ടാണ്. ഇത്രയും സർവകലാശാലയും കോളേജുകളും പല തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റൊരു നഗരത്തിലുമില്ല. പണ്ട് ഇത് ഭംഗിയായി നടന്നിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് രാഷ്ട്രീയവത്കരണം കൊണ്ട് മോശമായ സ്ഥിതിയാണ്. അവിടെയും കേന്ദ്ര സഹായം അത്യാവശ്യമാണ്. ഒരു പുതിയ വിദ്യാഭ്യാസ നയം പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിലെ സർക്കാർ അതിനോട് സ്വീകരിച്ചിരിക്കുന്ന നയം ഒട്ടും സഹായകമല്ല. ഇക്കാര്യത്തിലും പുതുതായി വരുന്ന വിദ്യാഭ്യാസ അധികാര സ്ഥാപനങ്ങൾ വ്യക്തമായ നിലപാട് എടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന് തിരുവനന്തപുരത്ത് ഏഴോ എട്ടോ ഒന്നാന്തര ഗവേഷണ കേന്ദ്രങ്ങൾ പല ഡിപ്പാർട്ടുമെൻ്റുകളുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധീനതയിൽ പ്രവർത്തിക്കുകയാണ്. ഇവരെയെല്ലാം ഒന്നിച്ച് കൊണ്ട് വന്നാൽ ഒരു പ്രധാനപ്പെട്ട ഗവേഷണ യൂണിവേഴ്സിറ്റിയായി രൂപീകരിക്കാൻ കഴിയും. ഇക്കാര്യത്തിൽ തിരുവനന്തപുരം എം.പിക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്.
സമ്മതനായ എം.പി വേണം
രാഷ്ട്രീയവത്കരണം മൂലം വിദ്യാഭ്യാസത്തിൽ എല്ലാ പാർട്ടികൾക്കും സമവ്യായം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ ഉദ്ദേശം മുതൽ ഭാഷാനയം, സ്വകാര്യവത്കരണം, അന്തർദേശീയ സഹകരണം ഇക്കാര്യങ്ങളിൽ സമവായം ഉണ്ടായെങ്കിൽ മാത്രമേ തിരുവനന്തപുരത്തിൻ്റെ സാധ്യതകൾ നമുക്ക് ഉപയോഗിക്കുവാൻ കഴിയുകയുള്ളൂ. സർവസമ്മതനായ ഒരു എം.പി തിരുവനന്തപുരത്ത് ഉണ്ടെങ്കിൽ അതിനുള്ള സാധ്യതകൾ വർദ്ധിക്കുക തന്നെ ചെയ്യും.
അറിവ് ഇവിടെ നിലനിർത്തണം
സാങ്കേതിക വൈദഗ്ധ്യം വികസിപ്പിക്കുന്ന ടെക്നോപാർക്ക് പോലുള്ള സ്ഥാപനങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടെ സൃഷ്ടിക്കപ്പെടുന്ന വിജ്ഞാനമോ, സാധ്യതകളോ കേരള സർക്കാർ മനസിലാക്കുന്നതായി തോന്നുന്നില്ല. ഇവിടുത്തെ പ്രവർത്തനങ്ങൾ മുഴുവൻ വിദേശത്ത് എത്തിക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്.
സാങ്കേതിക വിദ്യയെപ്പറ്റി അറിയാവുന്ന അതിൽ ആഴത്തിൽ പ്രവർത്തിച്ചിട്ടുള്ള ഒരു എം.പി തിരുവനന്തപുരത്ത് ഉണ്ടായാൽ അദ്ദേഹത്തിന് ഈ കമ്പനികളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ആ സ്ഥാനങ്ങൾ സൃഷ്ടിക്കുന്ന അറിവിനെ കേരളത്തിൽ പ്രയോജനപ്പെടുത്തക്കവണ്ണം പ്രവർത്തിപ്പിക്കാൻ കഴിയും. ഇവിടെയാണ് രാജീവ് ചന്ദ്രശേഖറിൻ്റെ സ്ഥാനാർത്ഥിത്വത്തിൻ്റെ പ്രാധാന്യം ലഭിക്കുന്നത്.
ദിവസവും മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകൾ കേരളത്തിൻ്റെ ഭരണത്തിലേക്കും തിരുവനന്തപുരം നഗരത്തിൻ്റെ വികസനത്തിനായും ഉപയോഗിക്കാൻ കഴിവുള്ള ഒരു രാഷ്ടീയ നേതാവാണ് അദ്ദേഹം. അങ്ങനെയുള്ള ഒരു വ്യക്തി തിരുവനന്തപുരത്തിൻ്റെ എം.പിയായാൽ കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തുമുള്ള വലിയ കമ്പനികളുടെ ഗവേഷണ സ്ഥാപനങ്ങളെയും തിരുവനന്തപുരത്ത് കൊണ്ട് വരാൻ കഴിയും. അസാധാരണ അവസരമാണ് കേരളത്തിന് ലഭിക്കുന്നത്.
പ്രധാനമന്ത്രിയുടെ സ്ഥാനാർത്ഥി
തിരുവനന്തപുരത്തെ ഗതാഗത സൗകര്യങ്ങളും നഗരത്തിന് ആവശ്യമായ ജലം, വൈദ്യുതി മുതലായവ വികസിപ്പിക്കാനും വേണ്ട ഉപദേശം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യങ്ങളിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു എം.പിക്ക് പല കാര്യങ്ങളും നേടിയെടുക്കാൻ കഴിയും.
പ്രധാനമന്ത്രിയ്ക്ക് നിർദ്ദേശമനുസരിച്ചാണ് രാജീവ് ചന്ദ്രശേഖർ ഇവിടെ സ്ഥാനാർത്ഥിയായതെന്നത് വ്യക്തമാണ്.
തിരുവനന്തപുരത്തിൻ്റെയും കേരളത്തിൻ്റെയും വികസനം ഇന്ത്യയിൽ നടക്കുന്ന വിപ്ലവകരമായ വികസനങ്ങളോട് ഒത്ത് ചേർന്ന് പോകാൻ വേണ്ട പരിശ്രമങ്ങൾ നടത്താൻ കേന്ദ്ര സർക്കാരിൽ സ്വാധീനമുള്ള ഒരു എം.പി അത്യാവശ്യമാണ്. രാജീവ് ചന്ദ്രശേഖർ മലയാളിയാണ്. പുറത്താണ് ജീവിച്ചതെങ്കിലും ഭംഗിയായി മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ജനങ്ങളോട് ഇടപഴകാനും അടുത്ത് ഇടപെടാനുള്ള മാനസിക കഴിവ് രാജീവ് ചന്ദ്രശേഖറിനുണ്ട്.