f

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിൻ മഹാകാലേശ്വർ ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തിൽ 14 പേർക്ക് പൊള്ളലേറ്റു. ഹോളി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ആരതിക്കിടെ ക്ഷേത്രത്തിലെ ഗർഭഗൃഹത്തിലാണ് ക്ഷേത്രത്തിലെ ഗർഭഗൃഹത്തിലാണ് തീപിടുത്തമുണ്ടായതെന്ന് ഉജ്ജയിൻ ജില്ലാ കളക്ടർ നീരജ് കുമാർ സിംഗ് അറിയിച്ചു. എട്ടുപേർ ഇൻഡോറിലും ബാക്കിയുള്ളവർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ആരുടേയും നില ഗുരുതരമല്ല.

സംഭവത്തിൽ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പഞ്ചായത്ത് സി.ഇ.ഒ മൃണാൾ മീണ, അഡീഷണൽ കളക്ടർ അനുകൂൽ ജെയിൻ എന്നിവർ നേതൃത്വം നൽകുന്ന സമിതി മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. കർപ്പൂരം അടങ്ങിയ താലിയിൽ ഗുലാൽ പൊടിവീണതാണ് തീപിടുത്തത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

അതേസമയം സംഭവം ദൗർഭാഗ്യകരമാണെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി മോഹൻ യാദവ് എക്സിൽ കുറിച്ചു.