തലശ്ശേരി: മയക്കുമരുന്നു സംഘം മദ്ധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ചാലിൽ സ്വദേശി ചാക്കേരി ഹൗസിൽ മടക്ക് നസീർ എന്ന കെ.എൻ.നസീർ, മാടപ്പീടിക സ്വദേശി ജമീല മൻസിലിൽ സിറാജ്, മുഴപ്പിലങ്ങാട് സ്വദേശി തച്ചം കണ്ടി ഹൗസിൽ ടി.കെ.സജീർ എന്നിവരെയാണ്

എസ്.ഐ എ.അഷറഫ്, എസ്.ഐ. അഖിൽ, സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ വിജേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. സജീറിനെ ഞായറാഴ്ച പുലർച്ചെ ഒളിസങ്കേതത്തിൽ നിന്നാണ് പൊലിസ് പിടികൂടിയത്. കടൽപ്പാല പരിസരത്ത് ഉന്തുവണ്ടിയിൽ ഉപ്പിലിട്ടത് വിൽക്കുന്ന മട്ടാമ്പ്രത്തെ റഷീദിനെയാണ് ആറോളം വരുന്ന സംഘം ആക്രമിച്ചത്. സംഘം കുപ്പി ഗ്ലാസ് ഉപയോഗിച്ച് കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ റഷീദിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. ശനിയാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. റഷീദ് ഉപ്പിലിട്ടത് വിൽപന നടത്തുന്നതിനിടെ സംഘം ആക്രമിക്കുകയായിരുന്നു. കടൽ പാലം പരിസരം മയക്കുമരുന്ന് സംഘത്തിന്റെ പ്രധാന താവളമായി മാറിയിരിക്കുകയാണ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിട്ടുള്ളത്.