കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖേനേ വ്യാജ ഷെയർ ട്രേഡിങ്ങ് വെബ്സൈറ്റ് ഉപയോഗിച്ച് കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയിൽ നിന്നും 48 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി മുജീബിനെ (41) യാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്

റിട്ടയർ ചെയ്തു വിശ്രമ ജീവിത നയിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിക്ക്, ഷെയർ ട്രേഡിംഗ് രംഗത്ത് പരിചയവും പ്രഗത്ഭ്യവുമുള്ള വ്യക്തികളുടെ പേരിലുള്ള വ്യാജ വാട്സാപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ച് ഷെയർ ട്രേഡിംഗ് സംബന്ധമായ ക്ലാസ്സുകളും ടിപ്പുകളും നിർദ്ദേശങ്ങളും നൽകി വിശ്വാസം പിടിച്ചു പറ്റി വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി 48 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. പരാതിക്കാരനിൽ നിന്നും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം ഇന്റർനെറ്റ് ബാങ്കിങ് വഴി മുജീബിന്റെ അക്കൗണ്ടിലേക്കു എത്തുകയും അവിടെ നിന്നും ചെക്കുകൾ ഉപയോഗിച്ച് പിൻ വലിക്കുകയും ചെയ്തിട്ടുണ്ട്. പണം എത്തിയ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണറുടെ മേൽ നോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിപിൻ ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം കാളികാവ് ബ്രാഞ്ചിലെ മുജീബിന്റെ ബാങ്ക് അക്കൗണ്ട് തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ എത്രയും പെട്ടെന്ന് 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക . സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (https://cybercrime.gov.in/) വഴിയും രജിസ്റ്റർ ചെയ്യാം.