
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് യാത്രക്കാരിൽ നിന്നായി 2.56 കോടിയിലേറെ രൂപ വിലവരുന്ന 3771.41 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പിടിച്ചെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബാങ്കോക്കിൽ നിന്ന് എയർ ഏഷ്യ വിമാനത്തിൽ കൊച്ചിയിലെത്തിയ കണ്ണൂർ സ്വദേശി സുമിത്തും സംഘവുമാണ് സ്വർണക്കടത്തിന് പിടിയിലായത്. സ്ത്രീകൾ അടിവസ്ത്രത്തിലും സാനിറ്ററി പാഡിലും സുമിത്ത് ബെൽറ്റിലുമാണ് സ്വർണ പേസ്റ്റ് ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് പരിശോധനയിൽ സംശയം തോന്നി വിശദമായി പരിശോധിക്കുകയായിരുന്നു. 4435 ഗ്രാം സ്വർണ മിശ്രിതത്തിൽ നിന്നാണ് 3771.41 ഗ്രാം 24 കാരറ്റ് സ്വർണം വേർതിരിച്ചെടുത്തത്. പ്രതികളെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.