ചേർത്തല: ചേർത്തല കാർത്ത്യായനി ദേവിക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രസാദമൂട്ടിനിടെ വീട്ടമ്മയുടെ മൂന്ന് പവന്റെ മാല മോഷണം പോയി. വയലാർ കളവംകോടം മീനത്തക്കരി ഓമനയുടെ മാലയാണ് നഷ്ടമായത്. ഞായറാഴ്ച പകൽ ഒന്നോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈ കഴുകുന്നതിനിടെ സാരി തലവഴി പുതച്ചെത്തിയ രണ്ട് യുവതികൾ അടുത്ത് വന്നിരുന്നെന്നും അവർ മാറിയ ഉടനെയാണ് മാല നഷ്ടമായ വിവരം അറിഞ്ഞതെന്നും ഓമന പറഞ്ഞു. ക്ഷേത്ര ഉപദേശക സമിതിയുടെയും ചേരുവാരത്തിന്റെയും ഭാരവാഹികളും ഭക്തരും മറ്റും ഉടൻ തന്നെ പ്രദേശമാകെ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ചേർത്തല പൊലീസ് സമീപത്തെ സി.സി.ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. മോഷ്ടാക്കളെപ്പറ്റി സൂചന ലഭിച്ചതായി അറിയുന്നു