
കാട്ടാക്കട:പൂവച്ചൽ നക്രാംചിറയ്‌ക്കു സമീപം അഴീക്കൽ വളവിൽ ടിപ്പർ ലോറി ഇടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. കാട്ടാക്കട ഗുരുമന്ദിരം റോഡിൽ അഭിലാഷ് ഭവനിൽ അഭിലാഷ് ചന്ദ്രൻ(40)ആണ് അറസ്റ്റിലായത്. ഹോൺ അടിച്ചതിലുള്ള വിരോധം നിമിത്തം ടിപ്പർ ലോറിയുടെ പിറകുവശം കൊണ്ടുതട്ടി ദേഹോപദ്രവം ഏൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ബൈക്ക് യാത്രക്കാരനെ ഇടിച്ചിടുകയായിരുന്നുവെന്നും വധശ്രമത്തിനുള്ള കേസാണ് രജിസ്റ്റർ ചെയ്തതെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നെടുമങ്ങാട് സ്വദേശി അഖിൽ(23) നെ ടിപ്പർ ലോറി ഇടിച്ച് അപകടത്തിൽപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ അഖിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.