
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അസഭ്യ പരാമർശത്തിൽ തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ അനിത രാധാകൃഷ്ണനെതിരെ തൂത്തുക്കൂടി പൊലീസ് കേസെടുത്തു. 294(ബി )- പൊതുസ്ഥലത്ത് അസഭ്യം പറയൽ വകുപ്പ് പ്രകാരമാണ് കേസ്. ബി.ജെ.പി ജില്ല പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി.
തൂത്തുക്കുടിയിലെ ഡി.എം.കെ സ്ഥാനാർത്ഥി കനിമൊഴിയുടെ സേലത്തെ പ്രചാരണ യോഗത്തിലാണ് ജില്ലയുടെ ചുമതലയുള്ള മൃഗസംരക്ഷണ മന്ത്രി അനിത രാധാകൃഷ്ണൻ അസഭ്യപരാമർശം നടത്തിയത്. കാമരാജിനെ പ്രശംസിച്ച നരേന്ദ്രമോദിയെ വിമർശിക്കുന്നതിനിടെയാണ് അതിരുവിട്ട പരാമർശം. മോദിയെയും അമ്മയെയും അപമാനിച്ച മന്ത്രിയെ പുറത്താക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. മന്ത്രിക്കും കനിമൊഴിക്കുമെതിരെ ബി.ജെ.പി തമിഴ്നാട് ഘടകം തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകിയിട്ടുണ്ട്.