
ഹൈദരാബാദ്: ചന്ദ്രശേഖർ റാവു തെലങ്കാന മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തിയ കേസിൽ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ മുൻ ചീഫ് ടി.പ്രഭാകർ റാവുവിനെ ഒന്നാം പ്രതായാക്കി അന്വേഷണം വ്യാപിപ്പിച്ചു. പ്രഭാകർ റാവു അമേരിക്കയിലേക്ക് രക്ഷപ്പെട്ടു. ലുക്കൗട്ട് നോട്ടീസിറക്കിയ പൊലീസ് ഇന്റർ പോളിന്റെ സഹായവും തേടും. തിരഞ്ഞെടുപ്പ് വേളയിൽ ചന്ദ്രശേഖർ റാവുവിനെയും കേസിൽപ്പെടുത്തിയേക്കും.
മൂന്ന് അഡീഷണൽ സൂപ്രണ്ടുമാരുൾപ്പെടെ മുപ്പതിലേറെ ഉന്നത പൊലീസുദ്യോഗസ്ഥർക്കെതിരെയും അന്വേഷണം ആരംഭിച്ചു. പ്രഭാകർ റാവുവിന്റെ സുഹൃത്തും പ്രാദേശിക ചാനലായ വൺ ന്യൂസ് ഉടമയുമായ ശ്രാവൺ റാവുവാണ് ഫോൺ ചോർത്താനുള്ള ഉപകരണങ്ങൾ എത്തിച്ചു കൊടുത്തത്. ഇയാളും ഒളിവിലാണ്. ഇരുവരുടെയും ഹൈദരാബാദിലെ വീടുകളിൽ ഇന്നലെ പൊലീസ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു.
ചോർത്തിയതിൽ
രേവന്തിന്റെ ഫോണും
കോൺഗ്രസ്, ബി.ജെ.പി നേതാക്കളുടേതും ചന്ദ്രശേഖർ റാവുവിന് സംശയമുള്ള സ്വന്തം പാർട്ടിക്കാരുടേതും ഉൾപ്പെടെ ഒരു ലക്ഷം ഫോൺ നമ്പരെങ്കിലും ചോർത്തിയിട്ടുണ്ട്
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഫോണും ഉൾപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടയുടൻ റാവിവുന്റെ നിർദ്ദേശപ്രകാരം ഫോൺ ചോർത്തിയതിന്റെ രേഖകൾ പലതും നശിപ്പിച്ചു
വ്യവസായികളുടെയും സിനിമാ രംഗത്തെ പ്രമുഖരുടെയും ഫോൺ ചോർത്തിയ ശേഷം ബ്ളാക്ക്മെയിൽ ചെയ്ത് ബി.ആർ.എസ് കോടികൾ ഫണ്ട് ശേഖരിച്ചെന്നും പൊലീസ് ആരോപിക്കുന്നു