l-

പൊതുനിരത്തുകളിലുണ്ടാകുന്ന അപകടങ്ങളിൽ മിക്കപ്പോഴും വില്ലൻവേഷം വലിയ വാഹനങ്ങൾക്കായിരിക്കുമെങ്കിലും,​ ആ കെണിയിലേക്ക് ഇരകളെ എറിഞ്ഞുപിടിക്കുന്ന മരണക്കുരുക്കായി മാറുന്നുണ്ട്,​ പാതയോരങ്ങളിലെ ഇലക്ട്രിക് തൂണുകളിലും മറ്റും അലക്ഷ്യമായി കൊരുത്തു ഞാത്തിയിട്ടിരിക്കുന്ന കേബിളുകൾ. കഴിഞ്ഞ ദിവസം കൊല്ലം തഴവയിൽ,​

പാഞ്ഞുവന്ന ലോറി വഴിയരികിലേക്ക് പൊട്ടിച്ചിട്ട കേബിളിൽ കുരുങ്ങിപ്പോയ സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ജീവൻ തിരികെക്കിട്ടിയത് അവരുടെ ആയുസിന്റെ ബലംകൊണ്ടു മാത്രം! തോളെല്ലിന് ഗുരുതരമായി പരിക്കേറ്റ അവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇത്തരം കേബിൾക്കുരുക്കുകൾ മരണത്തിലേക്കു തള്ളിവിട്ട ഇരുചക്രവാഹന യാത്രികരെക്കുറിച്ചുള്ള വാർത്തകൾ മിക്കപ്പോഴും പത്രങ്ങളിൽ കാണും. കേബിളുകൾ 'കാലപാശ"മാകുന്ന സംഭവങ്ങൾ വർദ്ധിച്ചിട്ടും പാതയോരങ്ങളിലെ ഈ മരണക്കുരുക്ക് നീക്കാൻ ഫലപ്രദമായ എന്തു നടപടിയുണ്ടെന്ന് ചിന്തിച്ചിരിക്കുകയാണ് സർക്കാരും വൈദ്യുതി ബോർഡും.

കൊല്ലത്ത് അപകടത്തിൽപ്പെട്ട സന്ധ്യ എന്ന വീട്ടമ്മയ്ക്ക് ആ ദുര്യോഗമുണ്ടായത് അവരുടെ ശ്രദ്ധക്കുറവു കാരണമല്ല. തഴവ കൊച്ചുകുറ്റിപ്പുറത്ത്,​ ഭർത്താവിന്റെ വർക്‌ഷോപ്പിലെത്തി,​ തിരികെ വീട്ടിലേക്കു പോകാൻ സ്കൂട്ടറിൽ കയറിയിരുന്നതാണ് അവർ. തടി കയറ്റി വന്ന ലോറിയിൽ തട്ടി,​ പൊട്ടിവീണ കേബിൾ സന്ധ്യയുടെ ശരീരത്തിലും സ്കൂട്ടറിലും കുരുങ്ങുകയും,​ ഇരുപത്തഞ്ചു മീറ്ററോളം ദൂരം സന്ധ്യയെയും സ്കൂട്ടറിനെയും ആ ലോറി റോഡിലൂടെ വലിച്ചിഴയ്ക്കുകയുമായിരുന്നു. കേബിൾക്കുരുക്കിൽ വലിഞ്ഞ് ഉയർന്നുപൊങ്ങിയ സ്കൂട്ടർ സന്ധ്യയുടെ ദേഹത്തേക്കുതന്നെ വീഴുകയും ചെയ്തു. റോഡിനു കുറുകെ,​ ഉയരപരിധി പാലിക്കാതെ വലിച്ചിരുന്ന കേബിളാണ് ഇവിടെ അപകടഹേതു. ഇരുചക്ര വാഹമോടിക്കുന്നവർ മുൻഭാഗത്തെ റോഡും,​ റിയർവ്യൂ മിററിൽ പിൻഭാഗവും,​ വശങ്ങളിലെ സാഹചര്യങ്ങളും മാത്രമല്ല,​ തലയ്ക്കു മീതെ തൂങ്ങിനിൽക്കുന്ന കേബിളുകളെയും ശ്രദ്ധിച്ചെങ്കിലേ ഉയിരോടെ ലക്ഷ്യസ്ഥാനത്തെത്തൂ എന്നതാണ് അവസ്ഥ!

പ്രാദേശിക കേബിൾ ടിവി ചാനലുകാരും ഇന്റർനെറ്റ് സേവന ദാതാക്കളുമാണ് വഴിനീളെയുള്ള ഈ കേബിൾ കെണികളുടെ ഉടമസ്ഥർ. കെ.എസ്.ഇ.ബിയുമായി കരാറിലേർപ്പെട്ട്,​ വൈദ്യുതി ബോർഡിന്റെ പോസ്റ്റുകൾ വഴി കേബിൾ വലിക്കുന്നവരും,​ തദ്ദേശസ്ഥാപനങ്ങൾക്കും മരാമത്തു വകുപ്പിനും ഫീസടച്ച് സ്വന്തമായി ചെറുതൂണുകൾ സ്ഥാപിച്ച് കേബിൾ വലിക്കുന്നവരുമുണ്ട്. അതേസമയം,​ ആർക്കും ഒരു ഫീസും നൽകാതെ ഇതേ പോസ്റ്റുകളിലൂടെത്തന്നെ ഇത്തിക്കണ്ണികളായി ചുളുവിൽ സേവനം വില്ക്കുന്നവരുമുണ്ട്. കേബിൾ വഴിയുള്ള സേവനദാതാക്കൾ നിശ്ചിത അകലത്തിൽ,​ ഇവരുടെ കരാർ സംബന്ധിച്ച വിവരമടങ്ങിയ ടാഗുകൾ ഘടിപ്പിച്ചിരിക്കണമെന്നാണ് ചട്ടം. ഇത്തരം ടാഗുകൾ ഇല്ലാത്ത കേബിളുകൾ വൈദ്യുതി ബോർഡിന് മുറിച്ചുമാറ്റാം. പക്ഷേ,​ അംഗീകൃത സ്ഥാപനങ്ങളുടെയും അനധികൃത സേവന ദാതാക്കളുടെയും കേബിളുകളെല്ലാം കൂടി ഒരേ പോസ്റ്റിൽ കൂടിക്കുരുങ്ങി കിടക്കുന്നതിൽ നിന്ന് ഏതെങ്കിലുമൊരു കേബിൾ മാത്രമായി മുറിച്ചുമാറ്റുക പ്രയാസം. അതുതന്നെയാണ് വ്യാജന്മാരുടെ രക്ഷയും!

ലോഡുമായി വരുന്ന പൊക്കമേറിയ ലോറികളിലും മറ്റും തട്ടാതിരിക്കത്തക്ക ഉയരത്തിൽ,​ നിശ്ചിത ഉയരപരിധി പാലിച്ചാണ് റോഡുകൾക്കു കുറുകെ കേബിളുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കാനോ,​ റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും നീളമേറിയ കേബിളുകൾ സുരക്ഷിതത്വമില്ലാതെ വളയമായി കൊരുത്തിടുന്നത് തടയാനോ ഒന്നും നിലവിൽ ഫലപ്രദമായ പരിശോധനാ സംവിധാനങ്ങളില്ല. ഈ മരണക്കുരുക്കുകൾക്കു തടയിടാൻ പരീക്ഷണാടിസ്ഥാനത്തിൽ ഒരു പദ്ധതി സർക്കാർ നടപ്പാക്കിയിരുന്നു. കൊച്ചിയിലെ പാലാരിവട്ടം കെ.എസ്.ഇ.ബി സെക്ഷനിലായിരുന്നു ഈ പരീക്ഷണം. അവർ ഒരു മാസംകൊണ്ട് നീക്കംചെയ്തത് ആറു ലോഡ് കേബിളുകളാണത്രെ!വെറും അഞ്ചോ ആറോ കിലോമീറ്റർ ദൂരത്തിൽ നിന്നായിരുന്നു ഈ നീക്കംചെയ്യൽ. അനധികൃത കേബിളുകളുടെ അപകടവ്യാപ്തി മനസിലാക്കാൻ ഈ കണക്കു മാത്രം മതി. പാലാരിവട്ടത്തു നടത്തിയ പരീക്ഷണം എത്രയും വേഗം സംസ്ഥാന വ്യാപകമായി നടപ്പാക്കുകയാണ് കേബിൾ കെണിയിൽ നിന്ന് റോഡ് യാത്രക്കാരെ രക്ഷിക്കാൻ ഏകമാർഗം.