
കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായതോടെ ആഗോള വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും കുതിച്ചുയരുന്നു. പൊതു തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതിനിടെ ആഭ്യന്തര വിപണിയിൽ വിലക്കയറ്റം വീണ്ടും ഉയരുമെന്ന ആശങ്കയിൽ കേന്ദ്ര സർക്കാർ കടുത്ത നടപടികൾക്കൊരുങ്ങുകയാണ്. ഇന്നലെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 86 ഡോളറിലേക്ക് വീണ്ടുമെത്തി. ചെങ്കടലിൽ യെമനിലെ ഹൂതി വിമതരോടൊപ്പം സുഡാൻ വംശജരും കപ്പലുകൾക്ക് നേരെ ആക്രമണം ആരംഭിച്ചതും റഷ്യയും ഉക്രെയിനുമായുള്ള യുദ്ധം ശക്തമായതുമാണ് വിപണിയിൽ എണ്ണയുടെ ലഭ്യത സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നത്.
റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ വാങ്ങുന്നതിന് യൂറോപ്യൻ യൂണിയൻ ഉപരോധം കടുപ്പിച്ചതോടെ ഇന്ത്യയിലെ റിഫൈനറികൾ അമേരിക്ക, വെനസ്വല തുടങ്ങിയ പുതിയ വിപണികളിൽ നിന്നും എണ്ണ വാങ്ങാനുള്ള നീക്കത്തിലാണ്.
ഇതോടെ മാനുഫാക്ചറിംഗ്, ഗതാഗതം ഉൾപ്പെടെയുള്ള മേഖലകളിൽ ചെലവ് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക മേഖലയിലെ ഉത്പാദന ഇടിവും വരും ദിവസങ്ങളിൽ വിലക്കയറ്റം ശക്തമാക്കുമെന്ന് ധനമന്ത്രാലയവും റിസർവ് ബാങ്കും വിലയിരുത്തുന്നു. വിപണി ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സവാളയുടെ കയറ്റുമതി നിരോധനം നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. പെട്രോൾ, ഡീസൽ എന്നിവയുടെ വില ലിറ്ററിന് രണ്ട് രൂപ കുറച്ചിട്ടും വിലക്കയറ്റ ഭീഷണി ഇപ്പോഴും സജീവമായി തുടരുകയാണ്.
സ്വർണ വില വീണ്ടും മുന്നേറ്റ പാതയിൽ
ജൂണിൽ അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറച്ചേക്കുമെന്ന സൂചന ലഭിച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില വീണ്ടും മുകളിലേക്ക് നീങ്ങുന്നു. താെഴിലില്ലായ്മ നിരക്ക് കൂടിയാൽ വലിയ താമസമല്ലാതെ പലിശ കുറയ്ക്കാൻ അമേരിക്ക നിർബന്ധിതരാകുമെന്നാണ് വിലയിരുത്തൽ. ന്യൂയോർക്ക് സ്‌പോട്ട് വിപണിയിൽ സ്വർണ വില ഇന്നലെ ഔൺസിന് 2180 ഡോളറിലേക്ക് ഇന്നലെ വീണ്ടും തിരിച്ചെത്തി. വെള്ളി വിലയും 0.3 ശതമാനം ഉയർന്ന് 24.73 ഡോളറിലെത്തി.
കഴിഞ്ഞ വാരത്തെ ഫെഡറൽ റിസർവിന്റെ ധനനയത്തിന് ശേഷം രാജ്യാന്തര സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 2,206 ഡോളർ വരെ ഉയർന്നിരുന്നു. പ്രതീക്ഷിച്ചതിലും നേരത്തെ പലിശ കുറച്ചാൽ സംസ്ഥാനത്തെ സ്വർണ വില ഈ വാരം തന്നെ പവന് 50,000 രൂപയിലെത്തിയേക്കും. ഇന്നലെ കേരളത്തിൽ സ്വർണ വില പവന് 49,000 രൂപയിൽ തുടർന്നു.