d

മോഹിനിയാട്ടം അവതരണവുമായി ബന്ധപ്പെട്ട് ഡോ. ആർ.എൽ.വി രാമകൃഷ്ണനെ ഉന്നമാക്കി സത്യഭാമ എന്ന നർത്തകി നടത്തിയ വംശീയ അവഹേളനത്തെയും ജാതി അധിക്ഷേപത്തെയും ലിംഗപരമായ വിവേചനത്തെയും കേരളം ഒന്നടങ്കം ശക്തമായി പ്രതിഷേധിച്ചു കൊണ്ടിരിക്കുന്നു. കേരള കലാമണ്ഡലത്തിൽ പഠിച്ചു നർത്തകിയായിത്തീർന്ന സത്യഭാമ, തന്റെ സാംസ്‌കാരിക ശൂന്യതയും സവർണഗർവുമാണ് ഈ അധിക്ഷേപത്തിലൂടെ വെളിപ്പെടുത്തിയത്.

കേരളത്തിന്റെ തനതു കലയായ മോഹിനിയാട്ടത്തിൽ ഡോ. ആർ.എൽ.വി. രാമകൃഷ്ണനോളം അക്കാഡമിക് യോഗ്യത നേടിയ മറ്റൊരാളില്ലെന്നു പറയാം. കലാമണ്ഡലം, എം.ജി യൂണിവേഴ്സിറ്റി, കാലടി ശ്രീശങ്കരാ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നായി മോഹിനിയാട്ടത്തിൽ എം.എ, എം. ഫിൽ, 'മോഹിനിയാട്ടത്തിലെ പുരുഷ രംഗാവതരണം' എന്ന വിഷയത്തിൽ പിഎച്ച്.ഡി,​ യു.ജി.സി നെറ്റ് യോഗ്യത, ദൂരദർശൻ എ ഗ്രേഡ് ആർട്ട്സ്റ്റ് സ്ഥാനം തുടങ്ങിയവയൊക്കെ ആർ.എൽ.വി രാമകൃഷ്ണന്റെ പേരിനൊപ്പം ചേർക്കപ്പെട്ടിരിക്കുന്നു. ഈ സത്യഭാമയുടെ നൃത്ത യോഗ്യത രാമകൃഷ്ണൻ ആർജ്ജിച്ചതിന്റെ എത്രയോ കാതം താഴെയാണ്!

മുമ്പ്, കേരള സംഗീത നാടക അക്കാഡമിയുടെ ഓൺലൈൻ നൃത്തോത്സവത്തിൽ പങ്കെടുക്കാൻ അപേക്ഷയുമായെത്തിയ ഡോ. രാമകൃഷ്ണനോട് ജോലിയുള്ളവർക്ക് നൃത്തോത്സവത്തിൽ പങ്കെടുക്കാനാവില്ലെന്നു പറഞ്ഞ് അവസരം നിഷേധിച്ചിരുന്നു. താൻ കാലടി സർവകലാശാലയിലും തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിലും താത്കാലിക അദ്ധ്യാപകൻ മാത്രമാണെന്നും, ഒരു നൃത്തകലാകാരനായ തനിക്ക് ഓൺലൈൻ നൃത്തോത്സവത്തിൽ അക്കാഡമിക്കു വേണ്ടി ചിലങ്കയണിയുക എന്നതു മാത്രമാണ് ആഗ്രഹമെന്നും പറഞ്ഞതൊന്നും ആരും മുഖവിലയ്‌ക്കെടുത്തില്ല.

പുരുഷന്മാർ മോഹിനിയാട്ടത്തിൽ പങ്കെടുക്കുന്നത് അക്കാ‌ഡമിയുടെ കീഴ്വഴക്കമല്ലെന്നും അത് ലംഘിക്കാൻ പറ്റില്ലെന്നുമായിരുന്നു അടുത്ത വാദം. ചുരുക്കത്തിൽ, ആർ.എൽ.വി രാമകൃഷ്ണൻ എന്ന സർവഥാ യോഗ്യനായ,​ സർഗധനനായ ആ കലാകാരനോട് സംഗീത നാടക അക്കാഡമി അന്നു ചെയ്തത് മൂന്നു വിധം അനീതിയും വിവേചനവുമായിരുന്നു. ഒന്ന്, രാമകൃഷ്ണൻ പട്ടികജാതിയിൽ പിറവി കൊണ്ടു എന്നത്. രണ്ടാമത്, ലിംഗവിവേചനം. മൂന്ന്: അവസര തുല്യതാ നിഷേധം. ഇവ മൂന്നും ഇന്ത്യൻ ഭരണഘടനാ വ്യവസ്ഥകളെ ലംഘിക്കുന്നതും കേരളം ആർജ്ജിച്ച നവോത്ഥാന മൂല്യങ്ങളെ പിന്നോട്ടടിക്കുന്നതുമായിരുന്നു. എന്തായാലും,​ ചെറുത്തുനില്പിനും പോരാട്ടങ്ങൾക്കും ഒടുവിൽ അന്നത്തെ വകുപ്പു മന്ത്രിയുടെ ഇടപെടലിൽ രാമകൃഷ്ണന് നീതി ലഭ്യമാക്കി.

കലാ,​ സാംസ്‌കാരിക,​ സാഹിത്യ,​ സിനിമാ മേഖലകളിൽ നടമാടുന്ന ജാതീയമായ വേർതിരിവുകളും സവർണ ബോധത്തിന്റെ തലക്കനവും അത്ര രഹസ്യമല്ല. നമ്മുടെ സാംസ്‌കാരിക പൈതൃകത്തെയും ഗരിമയേയും ജീർണ്ണതയിലേക്കു നയിക്കുന്ന ഇത്തരം ആപത്കരമായ പ്രവണതകളെ നിരുത്സാഹപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഒരു ഭാഗത്ത് സമത്വ ദർശനത്തിന്റെ സൈദ്ധാന്തികവാദം ഉദ്ഘോഷിക്കുകയും,​ അതേ മാത്രയിൽ സവർണതയുടെ ഉരുക്കുകോട്ടകളെ സംരക്ഷിക്കുകയും ചെയ്യുന്ന പൊയ്‌മുഖങ്ങളുടെ പകർന്നാട്ടമാണ് എവിടെയും.

മോഹിനിയാട്ടം പഠിപ്പിക്കുന്ന ഒട്ടെല്ലാ അദ്ധ്യാപകരും പുരുഷന്മാരാണെന്നിരിക്കെ മോഹിനിയാട്ടം അവതരണത്തിൽ സ്ത്രീ ആധിപത്യം മതിയെന്ന (കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠനത്തിന് ആൺകുട്ടികൾക്കു കൂടി അനുമതി നൽകി, കലാമണ്ഡലം ആ തെറ്റ് കഴിഞ്ഞ ദിവസം തിരുത്തി) നർത്തകി സത്യഭാമയുടെ നിലപാട് കലാകാരന്റെ മൗലികാവകാശത്തിന്മേലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുമുള്ള കടന്നുകയറ്റമാണ്. കറുപ്പു നിറം അപകർഷതയുടെതല്ല. അഴകാർന്ന ആ നിറം കരുത്തിന്റെ കൂടി പ്രതീകമാണ്. അദ്ധ്വാനിക്കുന്നവരുടെ അടയാളമാണ് കറുപ്പ്. സവർണ്ണ മനോഭാവത്തോടെ സത്യഭാമ നടത്തിയ പരാമർശങ്ങളുടെ പേരിൽ അവർക്കെതിരെ പട്ടികജാതി അതിക്രമങ്ങൾ തടയൽ നിയമമനുസരിച്ച് കേസെടുക്കേണ്ടതാണ്.

(സാംബവ മഹാസഭയുടെയും,​ ദളിത് ആദിവാസി മഹാസഖ്യത്തിന്റെയും ജനറൽ സെക്രട്ടറിയാണ് ലേഖകൻ)